ടൂറിസ്റ്റുകളെ തെറ്റിധരിപ്പിക്കുന്ന കച്ചവട രീതികൾ വേണ്ടെന്ന് ഒമാൻ ഉപഭോകതൃ സംരക്ഷണ അതോറിറ്റി
ഇതിന്റെ ഭാഗമായി ഗവർണറേറ്റിലെ സ്ഥാപനങ്ങളിൽ അതോറിറ്റിയുടെ പരിശോധനയും നടക്കുന്നുണ്ട്

മസ്കത്ത്: ഖരീഫ് സീസണിൽ ടൂറിസ്റ്റുകളെ തെറ്റിധരിപ്പിക്കുന്ന കച്ചവട രീതികൾ വേണ്ടെന്ന് ഒമാൻ ഉപഭോകതൃ സംരക്ഷണ അതോറിറ്റി. ഇത്തരം വാണിജ്യ രീതികൾ തടയുന്നതിനായി ദോഫാർ ഗവർണറേറ്റിലെ ഉപഭോകതൃ സംരക്ഷണ അതോറിറ്റി കാമ്പയിൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഗവർണറേറ്റിലെ സ്ഥാപനങ്ങളിൽ അതോറിറ്റിയുടെ പരിശോധനയും നടക്കുന്നുണ്ട്.
രാജ്യത്തിന് പുറത്തുനിന്നും ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ കൂട്ടമായി ദോഫാറിലേക്ക് ഒഴുകുന്ന സമയമാണ് ഖരീഫ് സീസൺ. മാസങ്ങൾ നീണ്ടുനിൽക്കുന്ന ഖരീഫ് കാലാവസ്ഥാ ആസ്വദിക്കാനായി നിരവധി പേരാണ് സലാലയിലെത്തുക. ഈ സമയത്ത് ഇവിടുത്തെ വാണിജ്യ വിപണി മേഖലയുടെയും ഉണർവിന്റെ സമയമാണ്. സീസണിൽ സന്ദർശകരെയോ താമസക്കാരെയോ ലക്ഷ്യം വച്ചേക്കാവുന്ന തെറ്റിധരിപ്പിക്കുന്ന വാണിജ്യ രീതികൾ തടയുന്നതിനായി കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് ഉപഭോക്തൃ സംരക്ഷണ അതോരിറ്റി. വിപണികളിലും വാണിജ്യ ഔട്ട്‌ലെറ്റുകളിലും ഉടനീളമുള്ള തീവ്രമായ ഫീൽഡ് പരിശോധനകളും "നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ലക്ഷ്യം" എന്ന കാമ്പയിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഉപഭോക്താക്കളുമായി നേരിട്ടുള്ള ഇടപെടൽ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് കാമ്പയിൻ.
സന്ദർശകർക്കും പൗരന്മാർക്കും പ്രധാന ആകർഷണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇത്തീൻ സ്ക്വയറിൽ പരാതികളും റിപ്പോർട്ടുകളും സ്വീകരിക്കുന്നതിനായി അതോറിറ്റി ഒരു താൽക്കാലിക ഫീൽഡ് ഓഫീസും ആരംഭിച്ചിട്ടുണ്ട്. ജൂലൈ 21 മുതൽ ആഗസ്റ്റ് അവസാനം വരെ വൈകുന്നേരം 3:00 മുതൽ രാത്രി 9:00 വരെ ഓഫീസ് പ്രവർത്തിക്കും. ഗവർണറേറ്റിലെ പരിശോധനാ സംഘങ്ങൾ ടൂറിസ്റ്റ് സൈറ്റുകൾ, മാർക്കറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 11 ഫീൽഡ് ഗ്രൂപ്പുകൾ വഴി ഉപഭോക്തൃ സംരക്ഷണത്തിന് സംഭാവന നൽകുന്നുണ്ട്.
Adjust Story Font
16

