ഒമാനിൽ ഡിജിറ്റൽ പരിവർത്തനവും എഐ ഉപയോഗവും വിപുലീകരിക്കുന്നു; മന്ത്രിസഭാ യോഗത്തിൽ സുപ്രധാന തീരുമാനം

മസ്‌കത്ത്: ഒമാനിൽ സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഡിജിറ്റൽ പരിവർത്തന പദ്ധതികൾ വേഗത്തിലാക്കാനും നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കാനും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മസ്‌കത്തിലെ അൽ ആലം കൊട്ടാരത്തിൽ നടന്ന യോഗത്തിൽ, രാജ്യത്തിന്റെ 2026-ലെ പ്രവർത്തന പദ്ധതികളും വികസന ലക്ഷ്യങ്ങളും വിശദമായി ചർച്ച ചെയ്തു. പൊതു ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്രീകൃത പോർട്ടൽ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രിസഭ ചൂണ്ടിക്കാട്ടി.
വിവിധ സർക്കാർ യൂണിറ്റുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനൊപ്പം, സേവനങ്ങൾ ലളിതമാക്കാനും മികച്ച ഉപയോക്തൃ അനുഭവം ഉറപ്പാക്കാനും ഈ നീക്കം സഹായിക്കും. പോർട്ടലിന്റെ വികസനത്തിലും ഭരണപരമായ ആധുനികവൽക്കരണത്തിലും എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന് യോഗം നിർദേശിച്ചു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലൂടെ ഒമാൻ വിഷൻ 2040-ലേക്കുള്ള ചുവടുവെപ്പ് വേഗത്തിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Adjust Story Font
16

