2027-ലേക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ച് ഒമാൻ
അപേക്ഷകരുടെ ആദ്യ ഘട്ട അർഹതാ പട്ടിക ഒക്ടോബർ 11-ന് പ്രസിദ്ധീകരിക്കും

മസ്കത്ത്: പ്രവാസികൾക്കും സ്വദേശികൾക്കും 2027-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷന് ഒമാനിൽ തുടക്കമായി. അപേക്ഷകരുടെ ആദ്യ ഘട്ട അർഹതാ പട്ടിക ഒക്ടോബർ 11-ന് പ്രസിദ്ധീകരിക്കും. തീർത്ഥാടകരുടെ സുരക്ഷയ്ക്കും ചെലവ് ചുരുക്കലിനും മുൻഗണന നൽകുന്ന പുതിയ നിർദ്ദേശങ്ങളോടെയാണ് ഇത്തവണത്തെ നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ഹജ്ജ് തീർത്ഥാടനത്തിന് താല്പര്യമുള്ളവർക്ക് hajj.com വെബ്‌സൈറ്റിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. അപേക്ഷകരുടെ ആദ്യ ഘട്ട അർഹതാ പട്ടിക ഒക്ടോബർ 11-നും, രണ്ടാം ഘട്ട പട്ടിക ഒക്ടോബർ 21-നും പ്രസിദ്ധീകരിക്കും. ഫെബ്രുവരി 27, 28 തിയതികളിൽ അപേക്ഷകൾ റദ്ദാക്കാം. തീർത്ഥാടകരുടെ വിമാനയാത്രയ്ക്കുള്ള അവസാന തീയതി മാർച്ച് 14നാണെന്നും അധികൃതർ അറിയിച്ചു. സുരക്ഷ, ചെലവുചുരുക്കൽ, എളുപ്പമുള്ള നടപടിക്രമങ്ങൾ എന്നിവ മുൻനിർത്തി ഇത്തവണ മാറ്റങ്ങൾ നടപ്പിലാക്കുമെന്ന് ഹജ്ജ് മിഷൻ തലവനും ഔഖാഫ് മന്ത്രാലയം അണ്ടർസെക്രട്ടറിയുമായ അഹമ്മദ് ബിൻ സ്വാലിഹ് അൽ റഷ്ദി വ്യക്തമാക്കി.
കഴിഞ്ഞ ഹജ്ജ് സീസണിൽ 98 ശതമാനം സംതൃപ്തി രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കൂടുതൽ നവീകരണങ്ങൾ കൊണ്ടുവരുന്നത്. ഇത്തവണ ഏകീകൃത പാക്കേജ് മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. മക്ക, മദീന, മറ്റ് വിശുദ്ധ സ്ഥലങ്ങൾ എന്നിവിടങ്ങളിലെ താമസം, ഗതാഗതം, ഭക്ഷണം എന്നിവ ഒരു കമ്പനിക്ക് കീഴിൽ ഒരൊറ്റ കരാറായി മാത്രമായിരിക്കും അനുവദിക്കുക.
Adjust Story Font
16

