അറബ് ലോകത്തെ ഏറ്റവും കുറഞ്ഞ മലിനീകരണമുള്ള രാജ്യമായി ഒമാൻ
ആഗോള തലത്തിൽ 22-ാം സ്ഥാനത്ത്

മസ്കത്ത്: ഏറ്റവും കുറഞ്ഞ മലിനീകരണമുള്ള അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ സുൽത്താനേറ്റ് ഒന്നാമതെത്തി. ആഗോളതലത്തിൽ 22-ാം സ്ഥാനവും രാജ്യം നേടി. നംബിയോ പ്ലാറ്റ്‌ഫോം പുറത്തിറക്കിയ 2025 ലെ ആഗോള മലിനീകരണ സൂചികയിലാണ് സുൽത്താനേറ്റിന്റെ സുപ്രധാന നേട്ടം. സുസ്ഥിര പദ്ധതികൾക്കൊപ്പം ഒമാൻ പിന്തുടരുന്ന കർശനമായ പരിസ്ഥിതി നയങ്ങളാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. പാരിസ്ഥിതിക ഗുണ നിലവാരം സംരക്ഷിക്കുന്നതിലും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും മലിനീകരണം കുറക്കുന്നതിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഒമാൻ നടത്തുന്ന നിരന്തര ശ്രമങ്ങളാണ് നേട്ടത്തിന് കാരണമായത്.
വായു, ജല ഗുണനിലവാരം, മാലിന്യ സംസ്കരണം, ശബ്ദ മലിനീകരണം, ഹരിത ഇടങ്ങളുടെ ലഭ്യത തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആഗോള മലിനീകരണ സൂചിക നിശ്ചയിക്കുന്നത്. മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒമാനിൽ മലിനീകരണത്തിന്റെ അളവ് കുറവാണ്. ആരോഗ്യകരവും വൃത്തിയുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കൽ, ശുദ്ധമായ ഊർജ്ജ ഉപയോഗം, വനവൽക്കരണ പദ്ധതികളുടെ വികസനം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ വികസിപ്പിക്കൽ, എന്നിങ്ങനെ വിവിധ മേഖലയിലെ സുൽത്താനേറ്റിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ഭാവി തലമുറക്കായി സുസ്ഥിര വികസനം കൈവരിക്കുന്നതിലും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിസ്ഥിതി അതോറിറ്റിയുടെ ഒമാൻ വിഷൻ 2040 ന്റെ നിർണായക പങ്കിനെയും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു. നഗര, വ്യാവസായിക വികസനം മൂലം വലിയ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന രാജ്യങ്ങൾക്ക് ഒമാന്റെ നേട്ടം വലിയ മാതൃകയാണ്.
Adjust Story Font
16

