Quantcast

45 ദിവസത്തിനകം നിയമനം; ഒമാനിൽ പ്രവാസി തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് പുതിയ ചട്ടങ്ങൾ

സേവനത്തിന് രണ്ട്‌ വർഷത്തെ ഗ്യാരണ്ടി

MediaOne Logo

Gulf Desk

  • Published:

    11 Oct 2026 5:37 PM IST

Oman issues new rules for expat recruitment agencies
X

മസ്‌കത്ത്: പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളെ നിയന്ത്രിക്കാനായി പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം. 2027 ജനുവരി 1 മുതൽ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. ഇന്ന് ഒമാൻ തൊഴിൽ മന്ത്രി ഡോ. മഹാദ് ബിൻ സഈദ് ബിൻ അലി ബാവൈനാണ് തീരുമാനം അറിയിച്ചത്. റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്ന മുൻ ചട്ടങ്ങൾക്ക് പകരമായാണ് 390/2026 നമ്പർ മന്ത്രിതല ഉത്തരവ്. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അനുവദിച്ച ലൈസൻസുകൾക്ക് അവയുടെ കാലാവധി തീരുന്നത് വരെ സാധുതയുണ്ടാകും. എന്നാൽ ലൈസൻസ് പുതുക്കുമ്പോൾ പുതിയ ചട്ടങ്ങൾ പാലിക്കണം.

റിക്രൂട്ട്മെന്റ് ഏജൻസികൾ തൊഴിൽ മന്ത്രാലയത്തിൽ 5,000 റിയാൽ സാമ്പത്തിക ഗ്യാരണ്ടി നൽകണം. 300 റിയാൽ ലൈസൻസ് ഫീസ് ഈടാക്കും. റിക്രൂട്ട്മെന്റ് നടപടികൾ പരമാവധി 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം, കൂടാതെ റിക്രൂട്ട്മെന്റ് സേവനങ്ങൾക്ക് രണ്ട് വർഷത്തെ ഗ്യാരണ്ടി ഉറപ്പാക്കുകയും വേണം.

പുതിയ ചട്ടങ്ങൾ പ്രകാരം, റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് മന്ത്രാലയത്തിന്റെ ലൈസൻസ് ഉണ്ടായിരിക്കണം. അവയുടെ പ്രവർത്തന രജിസ്റ്റർ സൂക്ഷിക്കുകയും വേണം. ബിസിനസ്സ് ഉടമ, പങ്കാളികൾ, ഒപ്പിടാൻ അധികാരമുള്ളവർ എന്നിവർ ഒമാൻ പൗരന്മാരായിരിക്കണം. ഉടമയോ ഒരു പങ്കാളിയെങ്കിലുമോ ബിസിനസ്സ് നടത്തിപ്പിൽ സജീവമായി ഇടപെടുകയും തൊഴിലുടമയായി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുകയും വേണം.

റിക്രൂട്ട്മെന്റ് ഓഫീസുകളുടെ കാര്യക്ഷമതയും വിശ്വാസ്യതയും വർധിപ്പിക്കുക, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, റിക്രൂട്ട്മെന്റ് ഏജൻസികൾ, തൊഴിലുടമകൾ, തൊഴിലാളികൾ എന്നിവർക്കിടയിൽ കരാർ ബാധ്യതകൾ കൂടുതൽ വ്യക്തമാക്കുക എന്നിവയാണ് നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.



TAGS :

Next Story