2026-2030 വികസന പദ്ധതി ആരംഭിച്ച് ഒമാൻ; ലക്ഷ്യം 4% സാമ്പത്തിക വളർച്ച
2026 സ്‌റ്റേറ്റ് ബജറ്റിനും അംഗീകാരം

മസ്‌കത്ത്: 11ാമത് പഞ്ചവത്സര വികസന പദ്ധതി (2026-2030) ഔദ്യോഗികമായി ആരംഭിച്ച് ഒമാൻ. 2026 സ്‌റ്റേറ്റ് ബജറ്റിനും അംഗീകാരം നൽകി. 2026-2030 വികസന പദ്ധതിയും 2026 സ്‌റ്റേറ്റ് ബജറ്റും അംഗീകരിച്ചുകൊണ്ട് സുൽത്താൻ ഉത്തരവുകൾ പുറപ്പെടുവിച്ചു.
2026 ലെ ബജറ്റ് കമ്മി ഏകദേശം 53 കോടി റിയാലായാണ് കണക്കാക്കപ്പെടുന്നത്. 2025 ലെ ബജറ്റിൽ അംഗീകരിച്ചതിനേക്കാൾ 14.5 ശതമാനം കുറവാണിത്. മൊത്തം വരുമാനത്തിന്റെ 4.6 ശതമാനവും മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 1.3 ശതമാനവുമാണ്.
4% സാമ്പത്തിക വളർച്ചയാണ് 2026-2030 വികസന പദ്ധതിയുടെ ലക്ഷ്യം. സാമ്പത്തിക പരിഷ്‌കരണത്തിലും ദീർഘകാല വികസനത്തിലുമുള്ള ഊന്നൽ തുടരും. വൈവിധ്യമാർന്നതും മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ദേശീയ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലാണ് പുതിയ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോ കാർബൺ ഭാവിയിലേക്കുള്ള പരിവർത്തനവും ലക്ഷ്യമിടുന്നു.
പൊതു കടം സുരക്ഷിത പരിധിക്കുള്ളിൽ നിലനിർത്തുക, എണ്ണ ഇതര വരുമാനം വൈവിധ്യവൽക്കരിക്കുക, സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സുസ്ഥിരത, ഭരണ കാര്യക്ഷമത, ഗവർണറേറ്റുകൾക്കിടയിലെ സാമ്പത്തിക വികേന്ദ്രീകരണം, തൊഴിൽ വിപണി കാര്യക്ഷമതയും തൊഴിലവസരങ്ങളും വർധിപ്പിക്കുക എന്നിവയിലൂടെ സാമ്പത്തിക സുസ്ഥിരത നേടാൻ പദ്ധതി ലക്ഷ്യമിടുന്നു.
Adjust Story Font
16

