250 കിലോഗ്രാം ഭാരം വഹിക്കും; തദ്ദേശീയമായി നിർമിച്ച ആദ്യ കാർഗോ ഡ്രോൺ പുറത്തിറക്കി ഒമാൻ
ഡ്രോണിന് 300 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനും ശേഷിയുണ്ട്

മസ്‌കത്ത്: ഒമാന്റെ അഭിമാനമായി തദ്ദേശീയമായി നിർമിച്ച സഹം എന്ന ചരക്ക് ഡ്രോൺ വിജയകരമായി പറന്നുയർന്നു. മിഡിൽ ഈസ്റ്റിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സ്ട്രാറ്റജിക് ചരക്ക് ഡ്രോണാണിത്. മിലിട്ടറി ടെക്‌നോളജിക്കൽ കോളേജിൽ നടന്ന സ്‌കൈ ബ്രിഡ്ജ് പരിപാടിയിൽ ഗതാഗത മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മാവാലിയാണ് ഡ്രോൺ ഉദ്ഘാടനം ചെയ്തത്. ഒമാന്റെ സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഡ്രോൺ, രാജ്യത്തെ ആരോഗ്യ-ലോജിസ്റ്റിക്‌സ് മേഖലകളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ പരീക്ഷണ പറക്കലിൽ 100 കിലോഗ്രാം മരുന്നുകളുമായി 100 കിലോമീറ്റർ അകലെയുള്ള ജബൽ അഖ്ദർ മലനിരകളിൽ ഡ്രോൺ കൃത്യമായി സാധനങ്ങൾ എത്തിച്ചു.
അതിവേഗത്തിലുള്ള വിതരണ ശൃംഖല ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്ത ഈ ഡ്രോണിന് പരമാവധി 250 കിലോഗ്രാം ഭാരം വഹിക്കാനും 300 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനും ശേഷിയുണ്ട്. ദുർഘടമായ മലനിരകളും താഴ്വരകളും കടന്ന് വിദൂര പ്രദേശങ്ങളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ സഹം ഡ്രോൺ ഏറെ സഹായകരമാകും. ഇബ്‌നു ഫിർനാസ് സെന്റർ ഫോർ ഡ്രോൺസിന്റെ നേതൃത്വത്തിൽ ഒമാനി വിദഗ്ധരാണ് ഈ ഡ്രോൺ വികസിപ്പിച്ചെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ ഭാരം വഹിക്കാവുന്ന ഡ്രോണുകൾ നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
Adjust Story Font
16

