ഒമാനിൽ ആദ്യത്തെ ഓയ്സ്റ്റർ ഫാമിന് തുടക്കം കുറിച്ചു
മസീറയിലാണ് അഞ്ച് മില്യൺ റിയാലിന്റെ പദ്ധതി

മസ്കത്ത്: അക്വാ കൾച്ചർ മേഖലയിൽ സുപ്രധാന ചുവടുവെപ്പ് നടത്തി ഒമാൻ. സൗത്ത് ഷർഖിയയിലെ മസീറ ദ്വീപിൽ രാജ്യത്തെ ആദ്യ ഓയ്സ്റ്റർ ഫാമിന് തുടക്കം കുറിച്ചു. ബ്ലൂ വാട്ടർ കമ്പനിയുടെ നേതൃത്വത്തിൽ അഞ്ച് മില്യൺ റിയാലിന്റെ പദ്ധതിയാണ് നടപ്പിലാക്കിയത്. ഭക്ഷ്യ വിഭവങ്ങളെ വൈവിധ്യവൽക്കരിക്കുക, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക, ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് ഹെക്ടർ വിസ്തൃതിയുള്ള ഫാമിൽ ആറ് വരികളിലായി 3,600 കൊട്ടകൾ ക്രമീകരിച്ചിരിക്കുന്നു. ന്യൂസിലൻഡിൽ നിന്നുള്ള നൂതന ഫ്ലിപ്പ്ഫാം സിസ്റ്റമാണ് ഫാമിൽ ഉപയോഗിക്കുന്നത്.
സുസ്ഥിര ഭക്ഷ്യോൽപാദനത്തിൽ സുൽത്താനേറ്റിന്റെ മുന്നേറ്റമാണ് ഈ പദ്ധതിയെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിലെ അക്വാകൾച്ചർ വികസന വകുപ്പ് ഡയറക്ടർ ഡോ. ഇസ്സ ബിൻ മുഹമ്മദ് അൽ ഫാർസി പറഞ്ഞു. മത്സ്യത്തിന്റെയും സമുദ്രോത്പന്നങ്ങളുടെയും ഉപഭോഗം കൂടുതലുള്ള രാജ്യമാണ് ഒമാൻ. സാമ്പത്തിക, സാമൂഹിക വികസനത്തോടൊപ്പം, ടൂറിസം ഉൾപ്പെടെയുള്ള പ്രധാന പദ്ധതികളുടെ വളർച്ചയും, സമുദ്രോത്പന്നങ്ങളുടെ ആവശ്യകതയും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അക്വാകൾച്ചർ മത്സ്യ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് ഡോ. ഇസ്സ ബിൻ മുഹമ്മദ് അൽ ഫാർസി കൂട്ടിച്ചേർത്തു.
Adjust Story Font
16

