Quantcast

'പ്രത്യാശയുടെ മിടിപ്പ്'; ഒമാനി മെഡിക്കൽ സംഘം നേതൃത്വം നൽകിയ ആദ്യ ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

ഈ സുപ്രധാന നേട്ടം ഒമാന്റെ ആരോഗ്യമേഖലയിലെ ഒരു നിർണ്ണായക മുന്നേറ്റമാണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    30 April 2025 6:43 PM IST

പ്രത്യാശയുടെ മിടിപ്പ്; ഒമാനി മെഡിക്കൽ സംഘം നേതൃത്വം നൽകിയ ആദ്യ ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം
X

മസ്‌കത്ത്: ഒമാന്റെ ആരോഗ്യരംഗത്ത് സുവർണ്ണ ലിപികളാൽ എഴുതിച്ചേർക്കാൻ പോകുന്ന ഒരു ചരിത്രനേട്ടം, പൂർണ്ണമായും ഒമാനി മെഡിക്കൽ സംഘം നേതൃത്വം നൽകിയ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗുരുതരമായ ഹൃദയസ്തംഭനം മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന ഒരു ഒമാനി പൗരനാണ് മസ്തിഷ്‌ക മരണം സംഭവിച്ച ദാതാവിൽ നിന്ന് ലഭിച്ച ഹൃദയം പുതുജീവൻ നൽകിയത്. ഈ സുപ്രധാന നേട്ടം ഒമാന്റെ ആരോഗ്യമേഖലയിലെ ഒരു നിർണ്ണായക മുന്നേറ്റമാണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 'പ്രത്യാശയുടെ മിടിപ്പുമായി ഒരു ഹൃദയം....,ഒമാന്റെ ചരിത്രത്തിൽ ആദ്യമായി ഒമാനി കരങ്ങളാൽ ഹൃദയം മാറ്റിവയ്ക്കൽ യാഥാർത്ഥ്യമായിരിക്കുന്നു, മന്ത്രാലയം പ്രഖ്യാപിച്ചു.

ഈ വിജയം ഒമാന്റെ ആരോഗ്യമേഖലയുടെ യാത്രയിലെ ഒരു നാഴികക്കല്ലാണ്, മസ്തിഷ്‌ക മരണം സംഭവിച്ച ഒരു ദാതാവിൽ നിന്നുള്ള ഹൃദയം മാറ്റിവച്ചത് ഉയർന്ന വൈദ്യശാസ്ത്ര ധാർമ്മിക മാനദണ്ഡങ്ങൾ പാലിച്ചാണെന്നും ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തി പറഞ്ഞു. ദേശീയ നിയമങ്ങൾക്കും അംഗീകൃത അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായാണ് ഈ ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നേട്ടം ഒരു പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മാത്രം കഠിനാധ്വാനത്തിന്റെ ഫലമല്ല. വിവേകശാലിയായ ഭരണാധികാരികളുടെ ദീർഘവീക്ഷണം, നമ്മുടെ ദേശീയ വൈദഗ്ധ്യത്തിന്റെ കഴിവ്, മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ ചിന്താഗതി എന്നിവയെല്ലാം ഇതിന് പിന്നിലുണ്ട്. നമ്മുടെ ആരോഗ്യ പ്രവർത്തകർ അവരുടെ കർത്തവ്യങ്ങൾ ഉയർന്ന തലത്തിലുള്ള കഴിവും ഉത്തരവാദിത്തബോധവും പ്രകടിപ്പിച്ച് നിർവഹിക്കാൻ സജ്ജരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു,' മന്ത്രി കൂട്ടിച്ചേർത്തു.

പൂർണ്ണമായും ഒമാനി മെഡിക്കൽ വിദഗ്ധരടങ്ങിയ ഒരു സംഘമാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് എന്നത് ഈ നേട്ടത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ശസ്ത്രക്രിയാ വിദഗ്ധർ, ഹൃദ്രോഗ വിദഗ്ധർ, അനസ്‌തേഷ്യോളജിസ്റ്റുകൾ, അവയവ മാറ്റിവയ്ക്കൽ വിദഗ്ധർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ ഒമാനി ഡോക്ടർമാർ അണിനിരന്ന ഒരു ടീമിന്റെ കൂട്ടായ പരിശ്രമമാണ് ഈ വിജയം.

TAGS :

Next Story