Quantcast

കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതികൾക്ക് മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കി ഒമാൻ

രജിസ്റ്റർ ചെയ്യാത്ത ചരക്കുകളുടെ ഉത്തരവാദിത്തം മന്ത്രാലയം ഏറ്റെടുക്കില്ല

MediaOne Logo

Web Desk

  • Published:

    3 Nov 2025 8:33 PM IST

കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതികൾക്ക് മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കി ഒമാൻ
X

മസ്‌കത്ത്: കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതികൾക്ക് മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കി ഒമാൻ. കൃഷി, മത്സ്യബന്ധന -ജലവിഭവ മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത്. ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾ രാജ്യത്തെ തുറമുഖങ്ങളിൽ എത്തുന്നതിനുമുമ്പ് തന്നെ കാർഷിക വകുപ്പിൽ രജിസ്റ്റർ ചെയ്യണം. തക്കാളി, ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ്, തണ്ണിമത്തൻ, തേൻ, ഈന്തപ്പഴം തുടങ്ങി നിരവധി കാർഷികോൽപ്പന്നങ്ങൾക്ക് ഈ പുതിയ നിയമം ബാധകമാകും. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ കാർഷിക ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

മുൻകൂർ രജിസ്ട്രേഷൻ ഇല്ലാതെ ഒമാനി തുറമുഖങ്ങളിൽ എത്തുന്ന ഒരു ഷിപ്പ്മെന്റും സ്വീകരിക്കില്ല. മാത്രമല്ല, രജിസ്റ്റർ ചെയ്യാത്ത ചരക്കുകളുടെ ഉത്തരവാദിത്തം മന്ത്രാലയം ഏറ്റെടുക്കുകയുമില്ലെന്നും ഉത്തരവിൽ പറയുന്നു. അതിനാൽ, ഇറക്കുമതിക്കാർ മന്ത്രാലയം നൽകിയിട്ടുള്ള ഔദ്യോഗിക ഇമെയിൽ വിലാസത്തിൽ രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കണം. ഈ അപേക്ഷയോടൊപ്പം ആവശ്യമായ എല്ലാ രേഖകളും നൽകണം. കൂടാതെ, ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾ അംഗീകൃത ആരോഗ്യ, കാർഷിക മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

TAGS :

Next Story