മത്സ്യബന്ധന മേഖലയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ച് ഒമാൻ
2025 ജൂൺ അവസാനത്തോടെ ആകെ മത്സ്യം 4,67,463 ടണ്ണായി വർധിച്ചു

മസ്കത്ത്: മത്സ്യബന്ധന മേഖലയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ച് ഒമാൻ. 2025 ജൂൺവരെ വിവിധ തരം കരകൗശല, തീരദേശ, വാണിജ്യ മത്സ്യബന്ധനങ്ങളിൽ നിന്ന് പിടിച്ചെടുത്ത മത്സ്യങ്ങളുടെ ആകെ മൂല്യം 307.3 ദശലക്ഷം ഒമാൻ റിയാലിലെത്തി. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8.6 ശതമാനം വർധനവാണിത്.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തിറക്കിയ പ്രാഥമിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2025 ജൂൺ അവസാനത്തോടെ ആകെ മത്സ്യം 4,67,463 ടണ്ണായി വർധിച്ചു. 2024 ൽ ഇതേ കാലയളവിൽ 4,30,466 ടണ്ണായിരുന്നു. അതായത് 8.6 ശതമാനത്തിന്റെ വളർച്ച. ഒമാൻ സുൽത്താനേറ്റിലുടനീളം മത്സ്യ ഉൽപാദനത്തിലുണ്ടായ സുസ്ഥിരവമായ പുരോഗതിയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
കരകൗശല മത്സ്യബന്ധനത്തിന്റെ അളവ് 4.4 ശതമാനം വർദ്ധിച്ച് 3,39,886 ടൺ ആയി. കരകൗശല മത്സ്യബന്ധനം വഴി ഏറ്റവും കൂടുതൽ മത്സ്യം ലഭിച്ചത് അൽ വുസ്ത ഗവർണറേറ്റിലാണ്. വാണിജ്യ മത്സ്യബന്ധനം 2025 ജൂൺ അവസാനത്തോടെ 59 ശതമാനം വർധിച്ച് 59,411 ടണ്ണായി. തീരദേശ മത്സ്യബന്ധനവും ഒരു ശതമാനം വർധനവ് രേഖപ്പെടുത്തി 68,165 ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 67,490 ടണ്ണായിരുന്നു. പട്ടികയിൽ സമുദ്രത്തിന്റെ മുകളിലെ പാളികളിലുണ്ടാവുന്ന ചെറിയ പെലാജിക് മത്സ്യങ്ങളാണ് ഒന്നാമത്. വലിയ പെലാജിക് മത്സ്യങ്ങളാണ് രണ്ടാമത്. കടലിന്റെ അടിത്തട്ടിൽ കാണപ്പെടുന്ന ഡെമെർസൽ മത്സ്യങ്ങൾ മൂന്നാം സ്ഥാനത്താണ്. സ്രാവുകളെ ഏകദേശം 3,591 ടണും പിടികൂടിയിട്ടുണ്ട്.
Adjust Story Font
16

