ദൃശ്യവിസ്മയം; നിസ്‌വ പബ്ലിക് പാർക്ക് തുറന്നു
25.7 ലക്ഷം റിയാൽ ചെലവിലാണ് നിർമാണം

മസ്കത്ത്: ഒമാനിലെ വിനോദസഞ്ചാര മേഖലയിലേക്ക് പുത്തൻ ഉണർവേകാൻ അൽ ദാഖിലിയ ഗവർണറേറ്റിൽ നിസ്‌വ പബ്ലിക് പാർക്ക് തുറന്നു. 25.7 ലക്ഷം റിയാൽ ചെലവിലാണ് പാർക്ക് നിർമിച്ചത്. പൊതുജനങ്ങളുടെ വിനോദം, കായിക-സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവക്കൊപ്പം സ്വകാര്യ സംരംഭകർക്കായി വലിയ നിക്ഷേപാവസരങ്ങൾ പാർക്ക് സൃഷ്ടിക്കും. 1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ മാസം പാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചതുമുതൽ 13 ലക്ഷത്തിലധികം സന്ദർശകരെത്തിയിരുന്നു. പരീക്ഷണകാലത്ത് സൗകര്യങ്ങൾ വിലയിരുത്തുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്ത ശേഷമാണ് ഉദ്ഘാടനം ചെയ്തത്.
അൽ ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്രിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. പാർക്കിലെ വിനോദ, കായിക, സാംസ്കാരിക, സേവന, നിക്ഷേപ സൗകര്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. ഹരിത ഇടങ്ങൾ, റെസ്റ്റോറന്റുകൾ, കഫേകൾ, വ്യാപാര സ്ഥാപനങ്ങൾ, കായിക-വിനോദ സൗകര്യങ്ങൾ തുടങ്ങി 40-ലധികം സംവിധാനങ്ങളാണ് പാർക്കിലുള്ളത്. പദ്ധതിയുടെ ഭാഗമായി 7.18 ലക്ഷം ഒമാനി റിയാലിലധികം മൂല്യമുള്ള 15 നിക്ഷേപാവസരങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇതിലൂടെ 50 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും അധികൃതർ അറിയിച്ചു. ഗവർണറേറ്റിലെ വികസന പദ്ധതികൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ നടപ്പാക്കുന്നതിലെ പുതിയ ഘട്ടമാണ് നിസ്‌വ പാർക്കെന്ന് ശൈഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്രി പറഞ്ഞു. സ്വദേശികൾക്കും താമസക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സമഗ്ര സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

