രാത്രിയിൽ താമസക്കാരുടെ സുരക്ഷിതത്വബോധം: ലോകത്തിൽ ഒമാൻ നാലാമത്
ഗാലപ്പ് ഇന്റർനാഷണൽ പുറത്തിറക്കിയ 2024ലെ വേൾഡ് സേഫ്റ്റി റിപ്പോർട്ടിലാണ് നേട്ടം

മസ്‌കത്ത്: ഗാലപ്പ് ഇന്റർനാഷണൽ പുറത്തിറക്കിയ വേൾഡ് സേഫ്റ്റി റിപ്പോർട്ട് പ്രകാരം 2024-ൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങളിൽ ഒമാൻ സ്ഥാനം നേടി. രാത്രിയിൽ, താമസക്കാരുടെ സുരക്ഷിതത്വബോധം അളക്കുന്ന സൂചികയിൽ ആഗോളതലത്തിൽ ഒമാൻ നാലാം സ്ഥാനത്തെത്തി.
നിങ്ങൾ ജീവിക്കുന്ന ഇടത്ത് രാത്രിയിൽ തനിച്ച് നടക്കാൻ മാത്രം സുരക്ഷിതത്വം തോന്നാറുണ്ടോയെന്ന ചോദ്യത്തിന് അതേയെന്ന് ഏറ്റവും കൂടുതൽ ഉത്തരം പറഞ്ഞത് സിംഗപ്പൂർ നിവാസികളാണ്. 98 ശതമാനം പേരാണ് ഈ മറുപടി നൽകിയത്. തജിക്കിസ്ഥാൻ (95), ചൈന(94), ഒമാൻ(94) സൗദി അറേബ്യ(93), ഹോങ്കോംഗ്(91), കുവൈത്ത്(91), നോർവേ(91), ബഹ്‌റൈൻ(90), യുഎഇ(90) എന്നിവയാണ് ആദ്യ പത്തിലുള്ള രാജ്യങ്ങൾ.
'ക്രമസമാധാന' സൂചികയിൽ 91 പോയിന്റുകൾ നേടിയ സുൽത്താനേറ്റ്, സുരക്ഷയുടെയും പൊതു സുരക്ഷയുടെയും ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധത വീണ്ടും തുറന്നുകാട്ടി.
ഒമാന്റെ ശക്തമായ നിയമ നിർവഹണ ചട്ടക്കൂട്, കേന്ദ്രീകൃത ഭരണം, നഗര സുരക്ഷയിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള തുടർനിക്ഷേപം എന്നിവ ജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഗാലപ്പ് ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി.
ഒമാന്റെ കുറഞ്ഞ കുറ്റകൃത്യ നിരക്കും സുസ്ഥിര പൊതു ക്രമം നിലനിർത്താനുള്ള സ്ഥിരശ്രമങ്ങളും റിപ്പോർട്ട് എടുത്തുപറഞ്ഞു.
2024-ൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങളിൽ കുവൈത്തും സ്ഥാനം നേടി. രാത്രിയിൽ, താമസക്കാരുടെ സുരക്ഷിതത്വബോധം അളക്കുന്ന സൂചികയിൽ ആഗോളതലത്തിൽ രാജ്യം ഏഴാം സ്ഥാനത്തെത്തി. 'ക്രമസമാധാന' സൂചികയിൽ കുവൈത്ത് 88 പോയിന്റുകൾ നേടി.
Adjust Story Font
16

