ഇലക്ട്രോണിക് പെൻഷൻ കാൽകുലേറ്റർ അവതരിപ്പിക്കാനൊരുങ്ങി ഒമാൻ എസ് പി എഫ്
ഒമാനി പൗരന്മാർക്ക് പെൻഷൻ സംവിധാനം കൂടുതൽ സുതാര്യവും പ്രവർത്തന ക്ഷമവുമാക്കുകയും ചെയ്യുന്നതിനുള്ള സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം

മസ്കത്ത്: ഇലക്ട്രോണിക് പെൻഷൻ കാൽകുലേറ്റർ അവതരിപ്പിക്കാനൊരുങ്ങി ഒമാൻ എസ് പി എഫ്. ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ സംഘടിപ്പിച്ച 'കമ്മ്യൂണിക്കേഷൻ ഡയലോഗി'ന്റെ ആദ്യ സെഷനിൽ എസ്‌പിഎഫ് സിഇഒ ഡോ. ഫൈസൽ ബിൻ അബ്ദുല്ല അൽ ഫാർസിയാണ് ഇക്കാര്യം അറിയിച്ചത്. ഒമാനി പൗരന്മാർക്ക് പെൻഷൻ സംവിധാനം കൂടുതൽ സുതാര്യവും പ്രവർത്തന ക്ഷമവുമാക്കുകയും ചെയ്യുന്നതിനുള്ള സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. വിരമിക്കൽ പെൻഷനുകൾ കണക്കാക്കുന്നതിനുള്ള സംവിധാനമടങ്ങിയ ഒരു ഇലക്ട്രോണിക് കാൽക്കുലേറ്റർ ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളും അദ്ദേഹം വെളിപ്പെടുത്തി. സാമൂഹിക, സാമ്പത്തിക മേഖലകളെ ലക്ഷ്യം വച്ചുള്ള നയങ്ങളും പരിപാടികളും വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ സാമൂഹിക സംരക്ഷണവും പരിചരണവും നൽകാനും സമൂഹത്തിൽ നിക്ഷേപം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് ആൽ ഫാർസി ഊന്നിപ്പറഞ്ഞു. 2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഒമാനിലെ 1.5 ദശലക്ഷത്തിലധികം ആളുകൾക്ക് വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രായമായവർ, കുട്ടികൾ, വികലാംഗർ, വിധവകൾ, അനാഥർ, എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
Adjust Story Font
16

