ലക്ഷ്യം 660 ലക്ഷം ഡോളർ നിക്ഷേപം; ഏവിയേഷൻ ഹബ്ബാകാൻ ഒമാൻ
വിമാന നിർമാണ, അറ്റകുറ്റപ്പണി, എഞ്ചിനീയറിങ് ശേഷി വർധിപ്പിക്കും

മസ്‌കത്ത്: 660 ലക്ഷം ഡോളർ നിക്ഷേപവുമായി ഏവിയേഷൻ ഹബ്ബാകാൻ ഒമാൻ ഒരുങ്ങുന്നു. വിമാന നിർമാണം, അറ്റകുറ്റപ്പണി, എഞ്ചിനീയറിങ് എന്നീ മേഖലകളിലെ ശേഷി വർധിപ്പിക്കും. GMF AeroAsia, Mach Aerospace International എന്നിവയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയാണ് നടപടി.
സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി GMF AeroAsia ഒപ്പുവെച്ച കരാറും ധാരണാപത്രവും GMF AeroAsia-യും Mach Aerospace International-ഉം തമ്മിലുള്ള കരാറും ഒമാനിൽ സംയോജിത വ്യോമയാന വ്യവസായം കെട്ടിപ്പടുക്കുന്നതിലുള്ള സുപ്രധാന ചുവടുവയ്പ്പാകുമെന്നാണ് നിരീക്ഷണം. സിവിൽ ഏവിയേഷൻ അതോറിറ്റി സംഘടിപ്പിച്ച നിക്ഷേപ ഫോറത്തിലാണ് കരാറുകൾ ഒപ്പുവെച്ചത്.
ആഗോള സാങ്കേതികവിദ്യകളും വൈദഗ്ധ്യവും പ്രാദേശികവൽക്കരിക്കുക, ദേശീയ ശേഷി വർധിപ്പിക്കുക, ഒമാൻ വിഷൻ 2040-നും നാഷണൽ ഏവിയേഷൻ സ്ട്രാറ്റജി 2040-നും അനുസൃതമായി വിമാന അറ്റകുറ്റപ്പണി, എഞ്ചിനീയറിങ്, പരിശീലനം, ഘടകങ്ങളുടെ നിർമാണം എന്നിവ വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
ആസൂത്രണം ചെയ്ത പദ്ധതികൾക്ക് ഏകദേശം 25.4 ദശലക്ഷം ഒമാനി റിയാൽ (660 ലക്ഷം യുഎസ് ഡോളർ) നിക്ഷേപം വേണ്ടിവരുമെന്നാണ് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ ഏകദേശം 12.6 ദശലക്ഷം ഒമാനി റിയാൽ (33 ദശലക്ഷം യുഎസ് ഡോളർ) വിമാന ഘടന നിർമാണ പദ്ധതിക്ക് വേണ്ടിവരും. വ്യാവസായിക, പരിശീലന, അനുബന്ധ സേവന ശേഷികൾ വർധിപ്പിക്കുന്നതിന് അനുസരിച്ച് മൊത്തം നിക്ഷേപം ഇനിയും വർധിച്ചേക്കാം. അന്തിമ നടപടികൾ പൂർത്തിയാകുന്നത് മുതൽ പദ്ധതി നടപ്പാക്കാൻ 12 മുതൽ 18 മാസം വരെ വേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്.
വിമാനങ്ങളുടെ വീൽ, ബ്രേക്ക് അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാഥമിക, സാങ്കേതിക, നിയന്ത്രണ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്; ആവശ്യമായ അനുമതികൾ ലഭിച്ചാലുടൻ അടുത്ത ഘട്ട പ്രവർത്തനങ്ങൾ നടക്കും. അതേസമയം, ഏവിയേഷൻ എഞ്ചിനീയറിങ് അക്കാദമി സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. 2027 ഘട്ടംഘട്ടമായായിരിക്കും പ്രവർത്തനം ആരംഭിക്കുക.
Adjust Story Font
16

