ജൂൺ മുതൽ ഒമാനിൽ മധ്യാഹ്ന തൊഴിൽ നിരോധനം
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12:30 നും 3:30 നുമിടയിൽ പുറംതൊഴിലിന് വിലക്ക്

മസ്‌കത്ത്: ജൂൺ മുതൽ ഒമാനിൽ മധ്യാഹ്ന തൊഴിൽ നിരോധനം. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12:30 നും 3:30 നുമിടയിൽ പുറംതൊഴിലിനാണ് വിലക്ക്. തൊഴിൽ സുരക്ഷ, ആരോഗ്യ ചട്ടങ്ങളിലെ ആർട്ടിക്കിൾ 16, ക്ലോസ് രണ്ട് അനുസരിച്ചാണ് നടപടിയെന്ന് തൊഴിൽ മന്ത്രാലയം പറഞ്ഞു. ഉച്ചയ്ക്ക് നിർമാണ സ്ഥലങ്ങളിലോ ഉയർന്ന താപനിലയുള്ള പ്രദേശങ്ങളിലോ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മധ്യാഹ്ന തൊഴിൽ നിരോധനം സംബന്ധിച്ച് തൊഴിൽ മന്ത്രാലയം തൊഴിൽ സുരക്ഷ, ആരോഗ്യ വകുപ്പ് വഴി കാമ്പയിൻ ആരംഭിച്ചു. 'സേഫ് സമ്മർ' എന്ന പേരിലാണ് കാമ്പയിൻ. ഉഷ്ണസമ്മർദ്ദത്തിന്റെ അപകടങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരെ സംരക്ഷിക്കുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കാമ്പയിനിലൂടെ അവബോധം വളർത്തും.
വേനൽക്കാലത്തെ ഉയർന്ന താപനിലയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് തൊഴിലുടമകളെയും തൊഴിലാളികളെയും ബോധവൽക്കരിക്കുന്നതിൽ ഈ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഉച്ച സമയത്തെ ജോലി നിർത്തലാക്കൽ ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമിപ്പിക്കുകയും ചെയ്യുന്നു.
സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. സുരക്ഷിത തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും ചൂടുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾ കുറയ്ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിനെന്ന് മന്ത്രാലയം പറഞ്ഞു.
Adjust Story Font
16

