ലോക കാൻസർ സമ്മേളനം ഒമാനിൽ
ഒമാൻ കാൻസർ അസോസിയേഷന്റെ നേതൃത്വത്തിൽ അടുത്ത മാസമാണ് സമ്മേളനം

മസ്കത്ത്: അടുത്ത മാസം നടക്കുന്ന ലോക കാൻസർ സമ്മേളനത്തിന് ഒമാൻ വേദിയാകും. ഒമാൻ ആരോഗ്യ മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, ഖത്തർ കാൻസർ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ഒമാൻ കാൻസർ അസോസിയേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. നവംബർ മൂന്നു മുതൽ നാല് ദിവസം നീളുന്ന സമ്മേളനം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കും. കാൻസറിനെതിരെ ആഗോളതലത്തിൽ പ്രവർത്തനങ്ങൾ ഏകീകരിക്കുക, കാൻസറിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ആരോഗ്യ സംരക്ഷണം, പൊതുജന അവബോധം ബന്ധപ്പെട്ട സെഷനുകളും ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഡിജിറ്റൽ ഹെൽത്ത് സൊല്യൂഷനുകൾ എന്നിവയിലെ പുതിയ സാങ്കേതികവിദ്യകളുടെ പ്രദർശനവും നടക്കും.
കാൻസർ ബോധവത്കരണത്തിലും പ്രതിരോധത്തിലും ഒമാന്റെ പ്രതിബദ്ധത വെളിപ്പെടുത്തുന്നതാണ് സമ്മേളനമെന്ന് ആരോഗ്യമന്ത്രി ഡോ. ഹിലാൽ അലി അൽ സബ്തി ചൂണ്ടിക്കാട്ടി. ഓങ്കോളജി, ഡയഗ്നോസ്റ്റിക്സ്, പാലിയേറ്റീവ് കെയർ, എഐ തുടങ്ങിയ മേഖലകളിലെ പ്രമുഖ അന്താരാഷ്ട്ര വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കും. ഇമ്യൂണോതെറാപ്പി, വാക്സിനുകൾ, ആധുനിക സെല്ലുലാർ തെറാപ്പികൾ എന്നിവ പ്രധാന ചർച്ചാവിഷയമാവുമെന്ന് ഒമാൻ കാൻസർ അസോസിയേഷൻ ചെയർമാൻ ഡോ. വഹീദ് അലി അൽ ഖറൂസി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി കാൻസർ പ്രതിരോധത്തിനും നിയന്ത്രണത്തിനും മാർഗനിർദേശമായി ‘മസ്കത്ത് പ്രഖ്യാപനം’ എന്ന പേരിൽ ഒരു സംയുക്ത പ്രമേയവും തയാറാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

