ഈ വർഷം അഞ്ച് റോക്കറ്റുകൾ കൂടി വിക്ഷേപിക്കാൻ ഒമാൻ
ഇത്‌ലാഖ് സ്‌പേസ്‌പോർട്ടാണ് ഒമാന്റെ 2025ലെ പദ്ധതികൾ പ്രഖ്യാപിച്ചത്

മസ്കത്ത്: ഈ വർഷം അഞ്ച് റോക്കറ്റുകൾ കൂടി വിക്ഷേപിക്കാൻ ഒമാൻ. കഴിഞ്ഞ ഡിസംബറിലാണ് ഒമാന്‍റെ ആദ്യ പരീക്ഷണാത്മക റോക്കറ്റ് വിക്ഷേപിച്ചത്. ദുകമിലെ ഇത്‌ലാഖ് സ്‌പേസ്‌പോർട്ടിൽ നിന്നായിരുന്നു വിക്ഷേപണം. സമുദ്രനിരപ്പിൽ നിന്ന് 140 കിലോമീറ്റർ ഉയരത്തിൽ 1530 മീറ്റർ സെക്കൻഡ് വേഗതയിൽ ഏകദേശം 15 മിനിറ്റോളം റോക്കറ്റ് സഞ്ചരിച്ചു. ഈ ദൗത്യത്തിന്റെ ചുവട് പിടിച്ച് തന്നെയാണ് ഒമാൻ ഈ വർഷം മാത്രം അഞ്ച് റോക്കറ്റുകൾ വിക്ഷേപിക്കാൻ പദ്ധതിയിടുന്നത്. ഈ വർഷത്തെ ആദ്യ ദൗത്യമായ യൂണിറ്റി-1 ഏപ്രിൽ അവസാനത്തോടെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തുടർന്ന് ജൂണിൽ ദുഖ്ം-2, ഒക്ടോബറിൽ ദുഖ്ം-3, നവംബറിൽ അംബിഷൻ-3, ഡിസംബറിൽ ദുഖ്ം-4 ഉം വിക്ഷേപിക്കും. പരിസ്ഥിതി പഠനം, ആശയവിനിമയം, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിലെ ഗവേഷണത്തിലൂടെ ആഗോള ശാസ്ത്ര സമൂഹത്തിന് ഒമാന്‍റെ സംഭാവന വർധിപ്പിക്കുകയാണ് ദൗത്യങ്ങളുടെ ലക്ഷ്യം. ദുകം-1 രാജ്യത്തിന്‍റെ അഭിമാനകരമായ നേട്ടമായിരുന്നു. പദ്ധതിയിൽ 15 ഒമാനി എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ടിരുന്നു.
Adjust Story Font
16

