ഫുഡ് ഡെലിവറി ആപ്പുകളുടെ അമിത കൊള്ളയ്ക്ക് പിടിവീഴും; പുതിയ നിയന്ത്രണ ചട്ടക്കൂടൊരുക്കാൻ ഒമാൻ
ഉപഭോക്താക്കളുടെ പരാതി ഉയർന്നതോടെയാണ് മന്ത്രാലയത്തിന്റെ ഇടപെടൽ

മസ്കത്ത്: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ഉപഭോക്താക്കളുടെ പരാതി ഉയർന്നതോടെ, മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒമാൻ. ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയമാണ് ആപ്പ് അധിഷ്ഠിത ഡെലിവറി സേവനങ്ങൾക്ക് പുതിയ നിയമങ്ങൾ തയ്യാറാക്കുന്നത്. വിപണിയിലെ അനാവശ്യ മത്സരം തടയുക, സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക, ഉപഭോക്താക്കൾക്കും റസ്റ്റോറന്റുകൾക്കും ന്യായമായ നിരക്ക് ഉറപ്പാക്കുക എന്നിവയാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം.
ഭക്ഷണശാലകളിൽ നിന്നും കഫേകളിൽ നിന്നും ആപ്പുകൾ ഉയർന്ന കമ്മീഷൻ ഈടാക്കുന്നതിനെതിരെ പ്രമുഖ വ്യവസായി ഫഹദ് അൽ ഖലീലി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാറിന്റെ ഇടപെടൽ. ഡിജിറ്റൽ ഡെലിവറി മേഖലയെ ആകെ ഉൾക്കൊള്ളുന്ന വിപുലമായ ചട്ടക്കൂടാണ് തയ്യാറാകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ആപ്പുകൾ ഈടാക്കുന്ന കമ്മീഷൻ, ഭക്ഷണത്തിന്റെ വില, അല്ലെങ്കിൽ ഡെലിവറി ചാർജ് എന്നിവ നേരിട്ട് നിയന്ത്രിക്കുമോ എന്ന കാര്യത്തിൽ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്ന തീയതിയും നടപ്പിലാക്കുന്ന രീതിയും ഉടൻ പ്രഖ്യാപിക്കും.
Adjust Story Font
16

