565 മില്യൺ ഡോളർ വിലമതിക്കുന്ന സോളാർ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഒമാൻ
ലോകത്തിലെ ഏറ്റവും മികച്ച നാല് ഉയർന്ന കാര്യക്ഷമതയുള്ള സോളാർ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും നിർമ്മാതാക്കളായ ജെഎ സോളാർ എനർജി കരാറിന്റെ ഭാഗമാകും

മസ്കത്ത്: സൊഹാർ ഫ്രീസോണിൽ അത്യാധുനിക സൗരോർജ്ജ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 565 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ച് ഒമാൻ. ലോകത്തിലെ ഏറ്റവും മികച്ച നാല് ഉയർന്ന കാര്യക്ഷമതയുള്ള സോളാർ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും നിർമ്മാതാക്കളും വിതരണക്കാരുമായ ജെഎ സോളാർ എനർജിയും ഇൻവെസ്റ്റ് ഒമാൻ, സൊഹാർ പോർട്ട്, ഫ്രീസോൺ, മാജിസ് ഇൻഡസ്ട്രിയൽ സർവീസസ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഒമാനി സ്ഥാപനങ്ങളും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. 6 ജിഗാവാട്ട് സോളാർ സെല്ലുകളും 3 ജിഗാവാട്ട് സോളാർ മൊഡ്യൂളുകളും ഉൽപാദിപ്പിച്ച് കൊണ്ട് യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, എന്നിവിടങ്ങളിലെ പ്രധാന വിപണികൾക്ക് സേവനം നൽകും. പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ ഇക്കണോമിക് സോണ്സ് ആൻഡ് ഫ്രീ സോണ്സ് (OPAZ), അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ, ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി (OETC), നാമ സപ്ലൈ, മാജിസ് ഇൻഡസ്ട്രിയൽ സർവീസസ് എന്നിവയുൾപ്പെടെ ഒന്നിലധികം സർക്കാർ സ്ഥാപനങ്ങൾ ഒരുമിച്ചാണ് പദ്ധതിയെ പ്രതിനിധീകരിക്കുന്നത്, ഒപ്പം, ഇൻവെസ്റ്റ് ഒമാനും പദ്ധതിയുടെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സുസ്ഥിരമായ നിക്ഷേപ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുള്ള ഒമാന്റെ പ്രതിബദ്ധതയാണ് ഈ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചത് അടിവരയിടുന്നതെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഇബ്തിസാം അൽ ഫറൂജി പറഞ്ഞു.
Adjust Story Font
16

