'നംബിയോ' ജീവിത നിലവാര സൂചിക; ഏഷ്യയിൽ ഒമാൻ ഒന്നാമത്
2025 മധ്യ വർഷ റിപ്പോർട്ടിലാണ് ഒന്നാം സ്ഥാനം

മസ്‌കത്ത്: 'നംബിയോ' ആഗോള ജീവിത നിലവാര സൂചികയുടെ 2025 മധ്യ വർഷ റിപ്പോർട്ടിൽ ഏഷ്യയിലും മിഡിൽ ഈസ്റ്റ് മേഖലയിലും ഒന്നാം സ്ഥാനം നേടി ഒമാൻ. 215.1 പോയിന്റുകൾ നേടിയാണ് ജനങ്ങളുടെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങിൽ ഒമാൻ മുൻനിരയിൽ ഇടം പിടിച്ചത്. ജിസിസി, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും രാജ്യമാണ് ഒന്നാമത്. 189.4 പോയിന്റുമായി ഖത്തറാണ് ജിസിസിയിൽ രണ്ടാം സ്ഥാനത്ത്. യുഎഇ (174.2), സൗദി അറേബ്യ (173.7) എന്നിങ്ങനെ പോയിന്റുകൾ നേടി.
ലോകമെമ്പാടുമുള്ള നഗരങ്ങളിലെയും രാജ്യങ്ങളിലെയും ജീവിത സാഹചര്യങ്ങൾ വിലയിരുത്താനുള്ള അളവുകോലാണ് ജീവിത നിലവാര സൂചിക. ഉപയോക്തൃ പങ്കാളിത്തത്തിന്റെ അളവ് കണക്കാക്കുന്ന ഏറ്റവും വലിയ ആഗോള ഡാറ്റാബേസുമാണിത്. ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് മാത്രം ആശ്രയിച്ചല്ല സൂചിക തയ്യാറാക്കുന്നത്. മറിച്ച് അഭിപ്രായ വോട്ടെടുപ്പുകൾക്കും താമസക്കാരുടെയും പൗരന്മാരുടെയും വ്യക്തിഗത വിലയിരുത്തലിനും പ്രാധാന്യം നൽകിയാണ് ഇവ പുറത്തുവിടുന്നത്. സുരക്ഷ നിലവാരം, ജീവിതച്ചെലവ്, വരുമാനവുമായുള്ള അനുപാതം, ആരോഗ്യ സേവനങ്ങളുടെയും വൈദ്യ സുരക്ഷയുടെയും ഗുണനിലവാരം, കാലാവസ്ഥ, പാരിസ്ഥിതിക സാഹചര്യങ്ങൾ, ഗതാഗത നിലവാരം, അടിസ്ഥാന സൗകര്യങ്ങൾ, മലിനീകരണം എന്നീ സുപ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്.
Adjust Story Font
16

