ഒമാൻ സുൽത്താന്റെ യു.കെ സന്ദർശനം; ഒമാൻ-ബ്രിട്ടൻ പങ്കാളിത്തം കൂടുതൽ കരുത്തിലേക്ക്
സാമ്പത്തിക,പ്രതിരോധ, സാങ്കേതികവിദ്യ മേഖലകളിൽ നിർണായക ധാരണകൾ

മസ്കത്ത്: ഒമാനും ബ്രിട്ടനും തമ്മിൽ പ്രതിരോധം, നിക്ഷേപം, അത്യാധുനിക സാങ്കേതികവിദ്യ, ഹരിത ഊർജം എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ധാരണയായി. ഒമാൻ വിഷൻ 2040, ബ്രിട്ടന്റെ സാമ്പത്തിക വികസന ലക്ഷ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നടത്തിയ ഔദ്യോഗിക ബ്രിട്ടൻ സന്ദർശനത്തിന് പിന്നാലെ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇരുരാജ്യങ്ങളും ഇക്കാര്യം വ്യക്തമാക്കിയത്.
ലണ്ടനിലെ 10 ഡൗണിങ് സ്ട്രീറ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്റി ബേൺഹാമായി സുൽത്താൻ ഹൈതം നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ധാരണകൾ രൂപപ്പെട്ടത്. ഒമാനിലേക്കുള്ള കയറ്റുമതിക്കായി യുകെ എക്‌സ്‌പോർട്ട് ഫിനാൻസ് (UKEF) വഴിയുള്ള സാമ്പത്തിക ശേഷി 1.6 ബില്യൺ പൗണ്ട് കൂടി വർധിപ്പിച്ചു. ഇതോടെ ആകെ തുക 7 ബില്യൺ പൗണ്ടായി ഉയർന്നു. 2050-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത ഹൈഡ്രജൻ, പുനരുപയോഗ ഊർജം എന്നിവയിൽ സഹകരിക്കും. ഇതിന്റെ ഭാഗമായി 2027-ൽ ഒമാൻ ഗ്രീൻ ഗ്രോത്ത് പ്രതിനിധി സംഘം യുകെ സന്ദർശിക്കും.
ഇരുരാജ്യങ്ങളുടെയും സൈനിക ശക്തിയും സമുദ്ര സുരക്ഷയും വർധിപ്പിക്കും. സംയുക്ത സൈനിക പരിശീലനമായ 'സെയ്ഫ് സരീഅ 4' ഉൾപ്പെടെയുള്ളവയ്ക്കായി ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക സമാധാനം, ഫലസ്തീൻ-ഇസ്രായേൽ വിഷയത്തിലെ ദ്വിരാഷ്ട്ര പരിഹാരം, ഹോർമുസ് കടലിടുക്കിലെ സമുദ്ര സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കൽ എന്നിവയിലും ഇരു രാജ്യങ്ങളും ഉറച്ചുനിൽക്കുന്നതായി സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
Adjust Story Font
16

