വ്യക്തിഗത അക്കൗണ്ട് ട്രാൻസ്ഫർ ആവശ്യപ്പെടുന്ന കടകളെക്കുറിച്ച് ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യണമെന്ന് ഒമാൻ വാണിജ്യ മന്ത്രാലയം
ഒമാനിൽ ഇ-പേയ്മെന്റ് നിർബന്ധം

മസ്‌കത്ത്: വ്യക്തിഗത അക്കൗണ്ട് ട്രാൻസ്ഫർ ആവശ്യപ്പെടുന്ന കടകളെക്കുറിച്ച് ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യണമെന്ന് ഒമാൻ വാണിജ്യ മന്ത്രാലയം. ഇലക്‌ട്രോണിക് കാർഡ് പേയ്മെന്റുകൾ നിരസിക്കുകയും പകരം വ്യക്തിഗത അക്കൗണ്ട് ട്രാൻസ്ഫറുകൾ ആവശ്യപ്പെടുകയും ചെയ്യുന്ന കടകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനാണ് നിർദേശം. അത്തരം രീതികൾ വാണിജ്യ നിയന്ത്രണങ്ങൾ ലംഘിക്കുന്നതും ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും കുറയ്ക്കുന്നതുമാണെന്ന് മന്ത്രാലയം പറഞ്ഞു.
സ്വർണ, വെള്ളി കടകൾ, പലചരക്ക് കടകൾ, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ഇലക്‌ട്രോണിക്‌സ് കടകൾ, നിർമാണ സാമഗ്രികൾ, വ്യാവസായിക മേഖല പ്രവർത്തനങ്ങൾ, മാളുകൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, പുകയില വിൽപ്പനക്കാർ എന്നിവ ഇലക്ട്രോണിക് പേയ്മെന്റ് ഓപ്ഷനുകൾ നൽകണം.
ഏതെങ്കിലും ബിസിനസ്സ് സ്ഥാപനം ഇ-പേയ്മെന്റ് സേവനം നൽകാതിരുന്നാലോ അത് ഉപയോഗിക്കുന്നതിന് അധിക നിരക്ക് ചുമത്തിയാലോ അധികൃതർക്ക് റിപ്പോർട്ട് ചെയ്യണം. പേയ്മെന്റ് ഉപകരണം മറച്ചുവെച്ചോ നെറ്റ്വർക്ക് പ്രശ്നങ്ങൾ ഉന്നയിച്ചോ സ്വകാര്യ അക്കൗണ്ട് ട്രാൻസ്ഫറിൻ നിർബന്ധിച്ചാലും തജാവുബ് പ്ലാറ്റ്ഫോം വഴി റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. തജാവുബ് പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കൾക്ക് നേരിട്ട് പരാതികൾ സമർപ്പിക്കാമെന്നും അധികൃതർ ഓർമിപ്പിച്ചു.
Adjust Story Font
16

