മുസന്ദത്തിന് സമീപം ചരക്ക് കപ്പൽ മുങ്ങി; കടലിൽ ഒഴുകുന്ന കണ്ടെയ്നറുകൾ സ്പർശിക്കരുതെന്ന് മുന്നറിയിപ്പ്
കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിൽ റാസ് അൽ ശൈഖ് മസ്ഊദിന് സമീപം ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒക്ടോബർ 14നാണ് 'ജി.എഫ്.എസ് പ്രൈഡ്' എന്ന കപ്പൽ മുങ്ങിയത്. അപകടത്തെ തുടർന്ന് കപ്പലിൽ നിന്നു കടലിൽ വീണ കണ്ടെയ്നറുകൾ പരിസര പ്രദേശങ്ങളിൽ ഒഴുകിനടക്കുകയാണ്. ഈ കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ ഈ വഴി പോകുന്ന മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും ഏറെ ജാഗ്രത പാലിക്കണമെന്നും ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഒഴുകിനടക്കുന്ന കണ്ടെയ്നറുകളുടെ അടുത്തേക്ക് പോകാനോ അവ തൊടാൻ ശ്രമിക്കാനോ പാടില്ലെന്ന് അധികൃതർ കർശനമായി നിർദേശിച്ചിട്ടുണ്ട്. കടലിൽ എവിടെയെങ്കിലും ഇത്തരം കണ്ടെയ്നറുകൾ കാണുകയാണെങ്കിൽ, പൊതുജനങ്ങൾ ഉടൻ തന്നെ 72111134 എന്ന നമ്പറിൽ ബന്ധപ്പെട്ട് വിവരം അറിയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
Adjust Story Font
16

