ഗസ്സ, യുഎസിന്റെ സമാധാന ശ്രമങ്ങൾ സ്വാഗതം ചെയ്ത് ഒമാൻ
ഹമാസിന്റെ പ്രതികരണവും സ്വാഗതം ചെയ്തു

മസ്‌കത്ത്: ഗസ്സയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസ് ശ്രമങ്ങളെ സ്വാഗതം ചെയ്ത് ഒമാൻ. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ശ്രമങ്ങളെയാണ് ഒമാൻ സ്വാഗതം ചെയ്തത്. ഗസ്സയിൽ നിന്ന് ഇസ്രായേൽ അധിനിവേശ സേനയുടെ പൂർണപിന്മാറ്റത്തിന് വഴിയൊരുക്കുകയും പുനർനിർമാണത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഹമാസിന്റെ പ്രതികരണത്തെയും ഒമാൻ സ്വാഗതം ചെയ്തു.
സമാധാനപരവും ശാശ്വതവുമായ പരിഹാരം കണ്ടെത്താൻ എല്ലാ രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായും ഒമാൻ അറിയിച്ചു. ഈ ശ്രമങ്ങൾ ഫലസ്തീനികൾക്കുള്ള മാനുഷിക സഹായം അടിയന്തരമായും ഫലപ്രദമായും എത്തിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സമാധാനം സ്ഥാപിക്കുന്നതിനും കാരണമാകുമെന്ന് ഒമാൻ പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങൾക്കും അന്താരാഷ്ട്ര നിയമ തത്വങ്ങൾക്കും അനുസൃതമായി, 1967 ലെ അതിർത്തികളിൽ കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഫലസ്തീൻ ജനതയ്ക്ക് അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാൻ കഴിയുമെന്നും ഒമാൻ പറഞ്ഞു.
Adjust Story Font
16

