ഒമാനിൽ എംബസി തുറക്കാൻ വെനിസ്വേല
വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ച നടത്തി

മസ്കത്ത്: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമാനിൽ എംബസി തുറക്കാനൊരുങ്ങി വെനിസ്വേല. ഇത് സംബന്ധിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയും വെനിസ്വേലൻ വിദേശകാര്യ മന്ത്രി ഇവാൻ ഗിൽ പിന്റോയും ഫോൺ സംഭാഷണം നടത്തി. വെനിസ്വേലൻ എംബസി തുറക്കാനുള്ള തീരുമാനത്തെ ഒമാൻ സ്വാഗതം ചെയ്തു. വെനിസ്വേലയിലെ പുതിയ സംഭവവികാസങ്ങൾ മന്ത്രിമാർ വിലയിരുത്തി.
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും രാജ്യങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹാരം കാണണമെന്നും ഇരുവരും ഊന്നിപ്പറഞ്ഞു. വെനിസ്വേലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിനും ഒമാൻ നൽകുന്ന ഉറച്ച പിന്തുണയ്ക്ക് വെനിസ്വേലൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു.
Adjust Story Font
16

