Quantcast

'പുനർനിർമ്മാണത്തിന്റെ പേരിൽ ഫലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കും'; ഒമാൻ

കെയ്റോയിൽ നടന്ന അറബ് ഉച്ചകോടിയിലാണ് ഒമാൻ വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2025-03-05 12:28:14.0

Published:

5 March 2025 11:02 AM GMT

പുനർനിർമ്മാണത്തിന്റെ പേരിൽ ഫലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കും; ഒമാൻ
X

കെയ്‌റോ: പുനർനിർമ്മാണത്തിന്റെ പേരിൽ ഗസ്സയിൽ നിന്നും ഫലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കുന്നതായി ഒമാൻ. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ നടന്ന അറബ് ഉച്ചകോടിയിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയാണ് ഒമാന്റെ നിലപാട് വ്യക്തമാക്കിയത്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നൽകിയ രാജകീയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഒമാൻ പ്രതിനിധി സംഘം ഉച്ചകോടിയിൽ പങ്കെടുത്തത്. സുപ്രധാനമായ ഈ അറബ് യോഗം സംഘടിപ്പിച്ചതിന് ഈജിപ്ത്, ഫലസ്തീൻ, ബഹ്റൈൻ രാജ്യങ്ങൾക്ക് അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.

പുനർനിർമ്മാണത്തിന്റെ പേരിൽ ഗസ്സയിലെ താമസക്കാരെ കുടിയൊഴിപ്പിക്കാനുള്ള പ്രസ്താവനകളെ ഒമാൻ ശക്തമായി എതിർക്കുന്നുവെന്നും ഇത് അന്താരാഷ്ട്ര നിയമപ്രകാരം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും വിദേശകാര്യ മന്ത്രി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. തീവ്രമായ നാശനഷ്ടങ്ങൾക്കും ദുരിതങ്ങൾക്കും കാരണമായ ഇസ്രായേൽ നടത്തിയ വംശഹത്യ, മനുഷ്യരാശിയുടെ ചരിത്രത്തിലെ കറുത്ത ഒരധ്യായമാണ് തുറന്നുകാട്ടിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പതിനായിരക്കണക്കിന് രക്തസാക്ഷികളും പരിക്കേറ്റവരും, ആയിരക്കണക്കിന് കാണാതായവരും, ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങൾക്കും സുപ്രധാന സ്ഥാപനങ്ങൾക്കും സംഭവിച്ച വൻ നാശനഷ്ടങ്ങളും ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ ദിനംപ്രതി വെടിനിർത്തൽ കരാറുകൾ ലംഘിക്കുന്നു, മാനുഷിക സഹായം എത്തിക്കുന്നത് തടയുന്നു, ഗസ്സയിലും വെസ്റ്റ് ബാങ്കിലും സാധാരണക്കാരെ കൊല്ലുകയും കുടിയൊഴിപ്പിക്കുകയും ചെയ്യുന്നു. മോചിപ്പിക്കപ്പെട്ടവരെക്കാൾ കൂടുതൽ ഫലസ്തീനികളെ തടവിലാക്കുകയും ഭൂമി പിടിച്ചെടുക്കുന്നത് തുടരുകയും ചെയ്യുന്നു -ബദർ ഹമദ് അൽ ബുസൈദി കൂട്ടിച്ചേർത്തു.

ഈ കുറ്റകൃത്യങ്ങൾ തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞിട്ടും, ഇസ്രായേൽ യാതൊരു പ്രതിബദ്ധതയും കാണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയിൽ സ്ഥിരമായ വെടിനിർത്തൽ സ്ഥാപിക്കുകയും ഉപാധികളോ നിയന്ത്രണങ്ങളോ ഇല്ലാതെ ഗസ്സയിലേക്ക് ദുരിതാശ്വാസ, മാനുഷിക വസ്തുക്കളുടെ സുരക്ഷിതവും പൂർണ്ണവുമായ പ്രവേശനം ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ബദർ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു.

TAGS :

Next Story