കനിവുമായി ഒമാൻ, മനുഷ്യക്കടത്തിന് ഇരയാകുന്ന പുരുഷന്മാർക്ക് സംരക്ഷണമൊരുങ്ങും
നേരത്തെ മനുഷ്യക്കടത്തിന് ഇരകളായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി സംരക്ഷണ ഭവനങ്ങൾ തയ്യാറാക്കിയിരുന്നു

മസ്‌കത്ത്: പുരുഷന്മാരായ മനുഷ്യക്കടത്ത് ഇരകളെ സംരക്ഷിക്കാൻ ഒമാനിൽ പുതിയ യൂണിറ്റ് തുറന്ന് സാമൂഹിക വികസന മന്ത്രാലയം. നേരത്തെ മനുഷ്യക്കടത്തിന് ഇരകളായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി സംരക്ഷണ ഭവനങ്ങൾ തയ്യാറാക്കിയിരുന്നു
ഗവൺമെന്റ്, സിവിൽ, അന്താരാഷ്ട്ര പങ്കാളികളുമായി ഏകോപിപ്പിച്ചുകൊണ്ട് മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള സുൽത്താനേറ്റിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ യൂണിറ്റ്. ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളുമായി യോജിച്ച് പ്രവർത്തിക്കുന്ന ഈ സംരംഭം, മനുഷ്യാവകാശ തത്ത്വങ്ങളും അന്താരാഷ്ട്ര ഉടമ്പടികളും ഉയർത്തിപ്പിടിക്കാനുള്ള രാജ്യത്തിന്റെ ഉത്സാഹമാണ് പ്രതിഫലിപ്പിക്കുന്നത്.
ഉയർന്ന നിലവാരത്തിൽ സജ്ജീകരിച്ചിട്ടുള്ള ഈ കേന്ദ്രം ഇരകൾക്ക് സുരക്ഷിതമായ ജീവിതാന്തരീക്ഷം ഉറപ്പാക്കുന്നുണ്ട്. അതോടൊപ്പം നിരവധി അത്യാവശ്യ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആരോഗ്യ സംരക്ഷണം, പോഷകാഹാരം, വിനോദ പ്രവർത്തനങ്ങൾ, സമഗ്രമായ മാനസിക-സാമൂഹിക പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുനരധിവാസത്തിനും ഈ പരിപാടികൾ വലിയ ഊന്നൽ നൽകുന്നു. ഇരകൾക്ക് മാന്യതയോടും ശാക്തീകരണത്തോടും കൂടി അവരുടെ ജീവിതം പുനർനിർമിക്കാനും ഈ പദ്ധതി സഹായകരമാകും.
Adjust Story Font
16

