നാട്ടിലേക്ക് പണമയക്കാൻ 'ബെസ്റ്റ് ടൈം'; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് പുതിയ റെക്കോർഡിൽ
യു.എസ് ഡോളറുമായിട്ടുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ കൂപ്പു കുത്തുകയായിരുന്നു

മസ്‌കത്ത്: രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് പുതിയ റെക്കോർഡിൽ. ഒരു റിയാലിന് 230.15 രൂപ എന്ന നിരക്കാണ് ഒമാനിലെ പണിമിടപാട് സ്ഥാപനങ്ങൾ ഇന്ന് നൽകിയത്. രൂപയുടെ ഇടിവിന് കാരണം അമേരിക്ക എച്ച്-വൺ ബി വിസ നിരക്ക് കുത്തനെ കൂട്ടിയതാണെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു
കറൻസികളുടെ നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്‌സ് ഇ കറൻസി കൺവെർട്ടർ ഒരു റിയാലിന്റെ വിനിമയ നിരക്ക് 230 രൂപയിലധികമാണ് കാണിച്ചത്. എതാനും ദിവസങ്ങളായി റിയാൽ രൂപക്കെതിരെ കുതിപ്പു നടത്തിയിരുന്നുവെങ്കിലും ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. യു.എസ് ഡോളറുമായിട്ടുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ കൂപ്പു കുത്തുകയായിരുന്നു. വ്യാപാരം തുടങ്ങുമ്പോൾ 88.41 ആയിരുന്ന രൂപ 88.79 വരെ പോകുകയും അവസാനം 88.7550 എന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്. ആദ്യമായാണ് രൂപക്ക് ഒരു ദിവസം ഇത്രക്കും മൂല്യ ശോഷണം ഉണ്ടാകുന്നത്. പ്രധാനമായും അമേരിക്ക എച്ച്- വൺ ബി വിസ നിരക്ക് കുത്തനെ കൂട്ടിയതാണ് രൂപയുടെ ഇടിവിന് കാരണം. 50 ശതമാനം തീരുവ, രാജ്യങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ എന്നിവയ്‌ക്കൊപ്പം പ്രഖ്യാപനം ദൂരവ്യാപകമായ വിപരീത ഫലം ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഉണ്ടാക്കുമെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്
അതേസമയം, പണമിടപാട് സ്ഥാപനങ്ങളിൽ കാര്യമായ തിരക്കൊന്നും അനുഭപ്പെട്ടില്ല. വിനിമനിരക്ക് 229ന് മുകളിൽ എത്തിയ സമയത്തുതന്നെ ഭൂരിഭാഗപേരും നാട്ടലേക്ക് കാശ് അയച്ചിരുന്നു. വിനിമയ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നവരുമുണ്ട്.
Adjust Story Font
16

