ഒമാനിലെ വ്യോമഗതാഗത മേഖല കോവിഡിന് മുമ്പുള്ള പ്രതാപം തിരിച്ചു പിടിച്ചതായി റിപ്പോര്‍ട്ട്
യാത്രക്കാരുടെ എണ്ണത്തിൽ 116.6 ശതമാനം വർധനയാണ് കഴിഞ്ഞ വർഷത്തേക്കാൾ ഉണ്ടായത്

മസ്കത്ത്: രാജ്യത്തെ വ്യോമഗതാഗത മേഖല കോവിഡ് കാലത്തിന് മുമ്പുള്ള പ്രതാപം തിരികെ പിടിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ട്. കോവിഡിന് മുമ്പുള്ള വ്യോമ ഗതാഗതത്തിന്‍റെ 90 ശതമാനവും നിലവിൽ കൈവരിച്ചതായി സിവിൽ ഏവിയേഷൻ വ്യക്തമാക്കി. ഈ വർഷം ആദ്യത്തെ പത്തുമാസത്തെ കണക്കെടുക്കുമ്പോൾ ഇതുവരെ ഒമാനിലേക്ക് വരുകയും പോകുകയും ചെയ്ത വിമാനങ്ങളുടെ എണ്ണം 72,003 ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴു ശതമാനം കൂടുതലാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.
യാത്രക്കാരുടെ എണ്ണത്തിൽ 116.6 ശതമാനം വർധനയാണ് കഴിഞ്ഞ വർഷത്തേക്കാൾ ഉണ്ടായത്. 78,24,103 യാത്രക്കാരാണ് ഈ വർഷം നവംബർ വരെ യാത്ര ചെയ്തത്. ചരക്കു ഗതാഗതം കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 32.5 ശതമാനം വർധനവാണ് ഉണ്ടായത് .വ്യോമ സുരക്ഷയിൽ ഒമാൻ പിന്തുടരുന്ന നയങ്ങളും വ്യോമ ഗതാഗത മേഖലയിലെ സുസ്ഥിര വികസനം ഉറപ്പുവരുത്തുന്ന നടപടികളുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് സി.എ.എ ചെയർമാൻ നായിഫ് ബിൻ അലി അൽ അബ്രി പറഞ്ഞു. ലോകോത്തര സംവിധാനങ്ങളും നവീന സാങ്കേതികതയും ഉന്നത നിലവാരമുള്ള വിമാനങ്ങളും അണിനിരത്തി സിവിൽ വ്യോമ ഗതാഗത രംഗത്ത് പ്രധാന പങ്കാളിയാക്കുകയാണ് ലക്ഷ്യം.
Adjust Story Font
16

