ഒമാനിലെ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നവംബർ 1ലേക്ക് നീട്ടി
നവംബർ 1 മുതൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങൾ വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല
മസ്കത്ത്: ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബർ 1ലേക്ക് നീട്ടി ഒമാൻ നികുതി അതോറിറ്റി. നവംബർ 1 മുതൽ ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങൾ വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല. ഈ വിഭാഗത്തിലുള്ള എല്ലാ ഉൽപ്പന്നങ്ങളും ആഭ്യന്തര വിപണിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അംഗീകൃത ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ നിർബന്ധമായും പതിക്കണം.
ഇറക്കുമതിക്കാർക്കും, നിർമ്മാതാക്കൾക്കും, ചില്ലറ വ്യാപാരികൾക്കും ഡിടിഎസ് ആവശ്യകതകൾ പൂർണ്ണമായി പാലിക്കുന്നതിന് അധിക സമയം നൽകുന്നതിനാണ് നീട്ടിയത്. നേരത്തെ ഇത് ഓഗസ്റ്റ് 1 മുതൽ നടപ്പിലാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, മറ്റ് എക്സൈസ് പാനീയങ്ങൾക്കും ഇത് ബാധകമാണ്. നവംബർ 1 മുതൽ, ഒമാൻ സുൽത്താനേറ്റിനുള്ളിൽ സ്റ്റാമ്പ് ചെയ്യാത്ത എക്സൈസ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിതരണവും കർശനമായി നിരോധിക്കും. ഈ വിഭാഗത്തിലുള്ള എല്ലാ ഉൽപ്പന്നങ്ങളും ആഭ്യന്തര വിപണിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അംഗീകൃത ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ വഹിക്കണം.
2019 ന്റെ മധ്യത്തിലാണ് രാജ്യത്ത് എക്സൈസ് നികുതി നിയമം പ്രാബല്യത്തിൽ വന്നത്. ആദ്യം സിഗരറ്റുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഈ പദ്ധതി പിന്നീട് ഷീഷ, തമ്പാക്ക് ഉൽപ്പന്നങ്ങൾ എന്നിവയിലേക്കും വ്യാപിപ്പിച്ചു. പിന്നീടാണ് കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്ക്സ് തുടങ്ങിയവയിലേക്കും ഡിജിറ്റൽ ടാഗ് നിർബന്ധമാക്കാൻ തീരുമാനിച്ചത്. ഡിജിറ്റൽ സ്റ്റാമ്പുകൾ എക്സൈസ് ഉൽപന്നങ്ങളുടെ നിയന്ത്രണവും നിയമപാലനവും മെച്ചപ്പെടുത്തുകയും ഒമാന്റെ വിപണിയിൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യും.
Adjust Story Font
16

