Quantcast

ഇറാൻ-ഇസ്രായേൽ സംഘർഷം: സ്ഥിതിഗതികൾ നിരീക്ഷിച്ച് ഒമാൻ, നയതന്ത്ര ഇടപെടലുകൾ സജീവം

ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ലോകമെമ്പാടുമുള്ള വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു

MediaOne Logo

Web Desk

  • Published:

    14 Jun 2025 10:00 PM IST

ഇറാൻ-ഇസ്രായേൽ സംഘർഷം: സ്ഥിതിഗതികൾ നിരീക്ഷിച്ച് ഒമാൻ, നയതന്ത്ര ഇടപെടലുകൾ സജീവം
X

മസ്‌കത്ത്: ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാതലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് ഒമാൻ. മേഖലയിലെ അപകടകരമായ സംഘർഷം നിയന്ത്രിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ലോകമെമ്പാടുമുള്ള വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു.

കൂടുതൽ രക്തച്ചൊരിച്ചിലും ജീവഹാനിയും തടയുന്നതിനും മേഖലയിലെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് സയ്യിദ് ബദർ ഈ സംഭാഷണങ്ങളിൽ ഊന്നിപ്പറഞ്ഞത്. അന്താരാഷ്ട്ര നിയമങ്ങളെയും നീതിയെയും അടിസ്ഥാനമാക്കി സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ ആക്രമണം തടയേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പങ്കുവെച്ചു.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഫോണിൽ സംസാരിച്ചു. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കാനുള്ള വഴികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരുവരും കൈമാറി. മേഖലയിൽ സംഘർഷം ലഘൂകരിക്കുന്നതിനും സംഭാഷണവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനും സുൽത്താനേറ്റ് സ്വീകരിച്ച സമീപനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി നന്ദി അറിയിച്ചു.

അമേരിക്കയും ഇറാനുമിടയിലെ ആണവ ചർച്ചകൾക്ക് ഒമാൻ നേരത്തെ മധ്യസ്ഥത വഹിച്ചിരുന്നു. ആറാംഘട്ട ചർച്ച മസ്‌കത്തിൽ നാളെ നടക്കാനിരിക്കെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. ഇതോടെ ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറുകയും ചെയ്തിരുന്നു.

അതേസമയം സംഘർഷം രൂക്ഷമായതിനാൽ ചില വ്യോമാതിർത്തികൾ അടച്ചിടാനും വിമാന സർവ്വീസുകളിൽ തടസ്സങ്ങൾ നേരിടാനും സാധ്യതയുണ്ടെന്ന് ഒമാൻ എയർപോർട്ട്‌സ് മുന്നറിയിപ്പ് നൽകി. ഒമാനിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പായി എയർലൈൻസ് അധികൃതരുമായി ബന്ധപ്പെട്ടോ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകൾ പരിശോധിച്ചോ വിമാനങ്ങളുടെ നിലവിലെ സ്റ്റാറ്റസ് ഉറപ്പാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

TAGS :

Next Story