റമദാൻ; ആരോഗ്യ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം
വ്രതം ആരംഭിക്കുന്നതിന് മുൻപ് ഡോക്ടറെ കണ്ട് ആരോഗ്യനില പരിശോധിക്കണം

മസ്കത്ത്: റമദാൻ മാസം വരാനിരിക്കെ പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവർ വ്രതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വ്രതം ആരംഭിക്കുന്നതിന് മുൻപ് നിർബന്ധമായും ഡോക്ടറെ കണ്ട് ആരോഗ്യനില പരിശോധിക്കണം. നോമ്പ് സമയത്തെ മരുന്നുകളുടെ സമയ ക്രമീകരണത്തെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം താഴുന്നത് ഒഴിവാക്കാൻ, കഠിനമായ വ്യായാമങ്ങൾ ഇഫ്താറിന് ശേഷമുള്ള സമയത്തേക്ക് മാറ്റിവെക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
അത്താഴത്തിനും ഇഫ്താറിനും ഇടയിലുള്ള സമയത്ത് ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തണം. ചായ, കോഫി, സോഫ്റ്റ് ഡ്രിങ്കുകൾ പരിമിതപ്പെടുത്തണം. അത്താഴം കഴിക്കുന്നത് പരമാവധി വൈകിപ്പിക്കാൻ ശ്രദ്ധിക്കണം. അത്താഴ ഭക്ഷണത്തിൽ പച്ചക്കറികൾ, പഴവർഗങ്ങൾ, ആവശ്യത്തിന് പ്രോട്ടീൻ എന്നിവ ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
Adjust Story Font
16

