സാഹസിക ടൂറിസം ഓപ്പറേറ്റർമാർ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ ടൂറിസം മന്ത്രാലയം
സാഹസികസ്ഥലങ്ങളിൽ നിലവിലുള്ള സുരക്ഷാ ഉപകരണങ്ങൾ മാറ്റുകയോ കേടുവരുത്തുകയോ കൃത്രിമം കാണിക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്

മസ്കത്ത്: സാഹസിക ടൂറിസം ഓപ്പറേറ്റർമാർ സുരക്ഷാനിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ ടൂറിസം മന്ത്രാലയം. അംഗീകൃത മാർഗനിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ നിയമനടപടി നേരിടേണ്ടിവരും. ടൂറിസം പ്രവർത്തനങ്ങളെയും പരിസ്ഥിതി സംരക്ഷണത്തെയും നിയന്ത്രിക്കുന്ന നിയമങ്ങൾ പ്രകാരമായിരിക്കും നടപടി. റോക്ക് ക്ലൈംബിങ്, ഹൈക്കിങ്, മറ്റ് ഔട്ട്ഡോർ അനുഭവങ്ങൾ തുടങ്ങിയ സാഹസിക ടൂറിസം പ്രവർത്തനങ്ങൾ സുരക്ഷിതവും ഉത്തരവാദിത്തത്തോടെയും നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും, പങ്കെടുക്കുന്നവരെ സുരക്ഷയും ഒമാന്റെ പരിസ്ഥിതി സംരക്ഷിക്കാനും ഈ നിർദേശം ലക്ഷ്യമിടുന്നുണ്ട്.
സ്വകാര്യഭൂമിയിലോ സർക്കാർ സ്വത്തിലോ ഏതെങ്കിലും സാഹസിക പ്രവർത്തനം നടത്തുന്നതിന് മുമ്പ് ഓപ്പറേറ്റർമാർ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ രേഖാമൂലമുള്ള അനുമതി നേടിയിരിക്കണം. കയറുകൾ, സിപ്പ് ലൈൻ ഇൻസ്റ്റാളേഷനുകൾ, ക്ലൈംബിങ് ഗിയർ എന്നിവയുൾപ്പെടെ എല്ലാ സുരക്ഷാ, സാഹസിക ഉപകരണങ്ങളും ഉപയോഗിക്കുന്നതിന് മുമ്പ് യോഗ്യതയുള്ള അധികാരികൾ പരിശോധിച്ച് അംഗീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. സാഹസിക സ്ഥലങ്ങളിൽ നിലവിലുള്ള സുരക്ഷാ ഉപകരണങ്ങൾ മാറ്റുകയോ കേടുവരുത്തുകയോ കൃത്രിമം കാണിക്കുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അത്തരം പ്രവർത്തനങ്ങൾ സന്ദർശകരെ അപകടത്തിലാക്കുമെന്നതാണ് കാരണം.
Adjust Story Font
16

