ഒമാനിലെ ഏറ്റവും വിലയേറിയ ആഡംബര വസതി യിതിയിൽ; വിറ്റുപോയത് രണ്ട് മില്യൺ റിയാലിന്
ഒമാനിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ റെക്കോർഡ് വിൽപനയാണിത്
മസ്കത്ത്: യിതിയിലെ ആർക്കിൽ ഒരു ആഡംബര വസതി വിറ്റുപോയത് 2 മില്യൺ ഒമാൻ റിയാലിന് ഏകദേശം(45 കോടി ഇന്ത്യൻ രൂപ). ഒമാനിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ റെക്കോർഡ് വിൽപനയാണിത്. ആർകിലെ പ്രധാന ഭാഗത്താണ് ഈ ആഡംബര വസതി സ്ഥിതി ചെയ്യുന്നത്. ലോകോത്തരമായി രൂപകൽപന ചെയ്തിരിക്കുന്ന വസതി, കടലിന്റെയും പർവതങ്ങളുടെയും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു.
പ്രൈവറ്റ് എൻട്രൻസ്, പ്രീമിയം ഫിനിഷിങ്ങ് ടച്ചുള്ള ഇഷ്ടാനുസരണം രൂപകൽപന ചെയ്ത ഇന്റീരിയറുകൾ, സ്വകാര്യ നീന്തൽക്കുളത്തോടുകൂടിയ വിശാലമായ ഔട്ട്ഡോർ ടെറസ് എന്നിവ വസതിയുടെ സവിശേഷതകളാണ്. ഒമാന്റെ റിയൽ എസ്റ്റേറ്റ് മേഖലക്ക് ഇത് സുപ്രധാന നേട്ടമാണെന്നും സുസ്ഥിരമായ ആഡംബര ജീവിതം ആളുകൾ താൽപര്യപ്പെടുന്നതിന്റെ സൂചനയാണ് വിൽപനയെന്നും സസ്റ്റൈനബിൾ സിറ്റിയുടെ ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസർ മഹ്മൂദ് ഷെഹാദ പറഞ്ഞു. സസ്റ്റൈനബിൾ സിറ്റിയിലെ പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെയുള്ള ആദ്യ ഘട്ടത്തിലെ ഏറ്റവും വലിയ വിൽപനയാണിത്. അടുത്ത മാസമാണ് പദ്ധതിയുടെ ഔദ്യോഗിക ലോഞ്ച് നടക്കുന്നത്.
ഇതുവരെ മൊത്തം പത്ത് മില്യൺ ഒമാനി റിയാലിന്റെ വിൽപന പദ്ധതിയുടെ ഭാഗമായി നടന്നു കഴിഞ്ഞു. 2040 ആകുമ്പോഴേക്കും ഒമാനിൽ നെറ്റ്-സീറോ എമിഷൻ ലക്ഷ്യം കൈവരിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന ആദ്യത്തെ കമ്മ്യൂണിറ്റിയാണ് യിതിയിലെ സസ്റ്റൈനബിൾ സിറ്റി. ഏകദേശം ഒരു ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ പദ്ധതി 100 ശതമാനം ജല പുനരുപയോഗം, ഭക്ഷ്യ ഉൽപാദനത്തിൽ 80 ശതമാനം സ്വയംപര്യാപ്തത കൈവരിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
Adjust Story Font
16

