ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം നാളെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും
126 മീറ്റർ ഉയരത്തിലുള്ള കൊടിമരത്തിൽ 31.5 മീറ്റർ വീതിയുള്ള ഒമാനി ദേശീയ പതാക ഉയർത്തും

മസ്കത്ത്: മസ്കത്തിലെ അൽ ഖുവൈർ സ്‌ക്വയറിന്റെ ഭാഗമായുള്ള ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം നാളെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 126 മീറ്റർ ഉയരത്തിലുള്ള കൊടിമരത്തിൽ 31.5 മീറ്റർ വീതിയുമുള്ള ഒമാനി ദേശീയ പതാക ഉയർത്തും. ഒമാന്റെ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത ഘടന കൂടിയാണിത്. ഒരുകോടി ഡോളർ ചിലവ് വരുന്ന നിർമാണ പ്രവർത്തനം മസ്‌കത്ത് നഗരസഭയുടെ കീഴിൽ ജിൻഡാൽ ശദീദ് അയേൺ ആൻഡ് സ്റ്റീൽ കമ്പനിയുമായി സഹകരിച്ചാണ് നടപ്പാക്കിയത്. 40 നിലകളുള്ള കെട്ടിടത്തിന് തുല്യമാണ് ഉയരം. ഇരുമ്പ് കൊണ്ടായിരുന്നു നിർമാണമെങ്കിലും 135 ടൺ ഉരുക്കും ആവശ്യമായി വന്നു. കൊടിമരത്തിന്റെ അടിത്തട്ടിലെ പുറം വ്യാസം 2800 മില്ലിമീറ്ററാണ്. അതേസമയം അതിന്റെ ഏറ്റവും ഉയർന്ന സ്ഥലത്ത് വ്യാസം 900 മില്ലിമീറ്ററാണ്. 18 മീറ്റർ നീളവും 31.5 മീറ്റർ വീതിയുമുള്ള ഒമാനി ദേശീയ പതാകയാണ് കൊടിമരത്തിൽ ഉയർത്തുക. വിമാനങ്ങൾക്കുള്ള മുന്നറിയിപ്പ് ലൈറ്റിങ് സംവിധാനവും കൊടിമരത്തിലുണ്ട്. 18,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ പദ്ധതിയിൽ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ, നടപ്പാത, സൈക്കിൾ പാത, ക്രാഫ്റ്റ് എക്‌സിബിഷൻ, സ്‌കേറ്റ് പാർക്ക്, ശുചിമുറികൾ, നൂറു വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയുമുണ്ട്. നിർമിതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ മികച്ച വിനോദകേന്ദ്രമാക്കി മാറ്റാനും കഴിയും.
Adjust Story Font
16

