പിണറായി വിജയന്റെ ഗൾഫ് സന്ദർശനം പ്രവാസികളെ വഞ്ചിക്കുന്ന രാഷ്ട്രീയ നാടകം: ഐഒസി ഒമാൻ
മുഖ്യമന്ത്രിയുടെ ഈ ഗൾഫ് സന്ദർശനം പ്രവാസികൾക്കു വേണ്ടിയല്ല, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായുള്ള വേദിയൊരുക്കലാണെന്നും ഐഒസി കേന്ദ്ര കമ്മിറ്റി

സലാല: ജനാധിപത്യ മൂല്യങ്ങൾ തകർത്തുകൊണ്ടും, പ്രവാസി സമൂഹത്തിന്റെ വേദനകളെ അവഗണിച്ചുകൊണ്ടും കഴിഞ്ഞ ഒമ്പത് വർഷമായി ഭരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് സന്ദർശനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി ഒമാൻ കേരള ഘടകം).ഗൾഫ് പ്രവാസികൾ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണ്. അവരുടെ വിയർപ്പിലാണ് ഇന്നത്തെ കേരളം വളർന്നത്. എന്നാൽ പ്രവാസി സമൂഹത്തിന്റെ നന്മയെയും ഐക്യത്തെയും രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്ന ശ്രമങ്ങൾ അപലപനീയമെന്ന് ഐഒസി പറഞ്ഞു.
പ്രവാസി സമൂഹത്തിന്റെ ത്യാഗങ്ങൾക്കുള്ള പ്രതിഫലം പൊള്ളയായ വാഗ്ദാനങ്ങളായിരുന്നുവെന്നും, കഴിഞ്ഞ ഒമ്പത് വർഷത്തെ ഭരണകാലത്ത് പ്രവാസികൾക്കായി യാതൊരു ഫലപ്രദമായ നടപടിയും സ്വീകരിക്കാനായില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിയുടെ ഇരുണ്ട കാലത്ത് ആയിരക്കണക്കിന് പ്രവാസികൾ ദുരിതത്തിലാഴ്ന്നപ്പോൾ, നോക്കിനിന്നത് ഇതേ മുഖ്യമന്ത്രിയാണെന്നത് മറക്കാനാവില്ല.
മതേതര കേരളത്തിന്റെ ആത്മാവിനെ തകർക്കുന്ന വർഗീയ പ്രചാരണങ്ങൾക്ക് ഒത്താശ നൽകുകയും സമൂഹങ്ങളെ വേർതിരിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നയാളാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഈ സന്ദർശനം പ്രവാസി സമൂഹത്തിന്റെ വേദനകളെ രാഷ്ട്രീയ പ്രചാരണമായി മാറ്റാനുള്ള ശ്രമം മാത്രമാണ്. മുഖ്യമന്ത്രിയുടെ ഈ ഗൾഫ് സന്ദർശനം പ്രവാസികൾക്കു വേണ്ടിയല്ല, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായുള്ള വേദിയൊരുക്കലാണെന്നും ഐഒസി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. ഐഒസി ഒമാൻ കേരള ഘടകം കൺവീനർ ഡോ: നിഷ്‌താർ അധ്യക്ഷത വഹിച്ചു.
Adjust Story Font
16

