Quantcast

മീഡിയവൺ സലാല റിപ്പോർട്ടർ കെ.എ. സലാഹുദ്ദീന് പ്രവാസി മീഡിയ ഐക്കൺ അവാർഡ്

പ്രവാസി ഐക്കൺ ഓഫ് സലാല അവാർഡുകൾ വിതരണം ചെയ്തു

MediaOne Logo

Web Desk

  • Published:

    2 Feb 2025 12:14 PM IST

Pravasi Icon of Salalah awards were distributed
X

സലാല: വ്യത്യസ്ത മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ച സലാലയിലെ പ്രവാസി വ്യക്തിത്വങ്ങളെ പ്രവാസി വെൽഫെയർ സലാല 'പ്രവാസി ഐക്കൺ ഓഫ് സലാല' അവാർഡുകൾ നൽകി ആദരിച്ചു.

പ്രവാസി കമ്മ്യൂണിറ്റി ഡെവലപ്‌മെൻറ് അവാർഡിന് അർഹനായത് പി.വി. അലി മുഹമ്മദാണ്. 40 വർഷത്തിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന അദ്ദേഹം ഇതിനോടകം 250 ൽ ഏറെ പേർക്ക് വിസയും ജോലിയും നൽകി. ജോലി നഷ്ടപ്പെട്ട 200ൽ ഏറെ പേർക്ക് മെച്ചപ്പെട്ട ജോലിയും സംഘടിപ്പിച്ചു നൽകി. തീർത്തും സൗജന്യമായി ചെയ്തുവന്ന സേവന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തിന് പ്രവാസി വെൽഫെയർ അവാർഡ് നൽകിയത്.

മീഡിയവൺ - ഗൾഫ് മാധ്യമം സലാല റിപ്പോർട്ടറായ കെ.എ. സലാഹുദ്ദീനാണ് പ്രവാസി ഐക്കൺ ഓഫ് മീഡിയ അവാർഡിന് അർഹനായത്. 28 വർഷത്തോളമായി പ്രവാസജീവിതം നയിക്കുന്ന കെ.എ സലാഹുദ്ദീൻ ഗൾഫ് മാധ്യമത്തിന്റെ സലാല റിപ്പോർട്ടർ ആയിട്ടാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. സലാലയിലെ പ്രവാസി മലയാളികളുടെ ജീവിതവും കേരളത്തിന്റെ സമാനമായ ഭൂപ്രകൃതിയുള്ള സലാലയുടെ വിശേഷങ്ങളും ലോകത്തിന് പകർന്നു നൽകി. സാമൂഹ്യ പ്രതിബദ്ധതയോടെയുടെ മാധ്യമപ്രവർത്തനം മുൻനിർത്തിയാണ് പ്രവാസി വെൽഫെയർ അദ്ദേഹത്തിന് പ്രവാസി ഐക്കൺ ഓഫ് മീഡിയ അവാർഡ് നൽകിയത്.

30 വർഷത്തിലേറെയായി സലാലയിൽ കൃഷിത്തോട്ടം നടത്തിവരുന്ന രാജഗോപാലാണ് പ്രവാസി ഐക്കൺ ഓഫ് ഫാമിംഗ് അവാർഡിന് അർഹനായത്. കാർഷിക വൃത്തിയോടുള്ള പ്രതിബദ്ധതയും കർഷ സമൂഹത്തോടുള്ള പ്രവാസി വെൽഫെയറിന്റെ ഐക്യദാർഢ്യവും മുൻനിർത്തിയാണ് അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചത്.

തുംറൈത്തിൽ പ്രവാസികളുമായി ബന്ധപ്പെട്ട മേഖലകളിൽ സാമൂഹിക പ്രവർത്തനം ചെയ്തു വരുന്ന ഷജീർഖാനാണ് പ്രവാസി ഐക്കൺ ഓഫ് സോഷ്യൽ സർവീസ് അവാർഡിന് അർഹനായത്. നിസ്വാർത്ഥ സാമൂഹിക പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തെ പ്രവാസി ഐക്കൺ ഓഫ് സോഷ്യൽ സർവീസ് അവാർഡിന് തിരഞ്ഞെടുത്തത്.

എക്‌സലൻസ് ഇൻ സ്‌പോർട്‌സ് അവാർഡിന് അർഹനായ അഭിനവ് സോജൻ ഇന്ത്യൻ സ്‌കൂൾ സലാല വിദ്യാർഥിയാണ്. ഈസ്റ്റ് ബംഗാൾ ജൂനിയർ ഫുട്‌ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഭിനവ് സംസ്ഥാന തലത്തിലും ലീഗ് ടൂർണമെന്റുകളിലും വിവിധ ക്ലബ്ബുകൾക്കായി ജൂനിയർ ടീമുകളിൽ കളിച്ചുവരുന്നു. അഭിനവിന്റെ അസാന്നിധ്യത്തിൽ രക്ഷിതാക്കൾ അവാർഡ് ഏറ്റുവാങ്ങി.

സലാലയിലെ സാമൂഹിക പ്രവർത്തകരായ ഒ. അബ്ദുൽ ഗഫൂർ, നാസർ പെരിങ്ങത്തൂർ, ഡോ. നിഷ്താർ, കെ. ഷൗക്കത്തലി, എ.പി. കരുണൻ എന്നിവർ അവാർഡ് ദാനം നിർവഹിച്ചു. പ്രവാസി വെൽഫെയർ സലാല വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ അവാർഡ് ജേതാക്കളെ പൊന്നാട അണിയിച്ചു.

TAGS :

Next Story