ഒമാനിലെ പ്രവാസികൾക്ക് ആശ്വാസം; സന്ദർശന വിസ തൊഴിൽ വിസയിലേക്ക് മാറ്റാൻ രാജ്യം വിടേണ്ട
മേഖലയിലെ സംഘർഷങ്ങളുടെ സാഹചര്യത്തിലാണ് വിസ നിയമത്തിൽ താത്ക്കാലിക ഇളവ്

മസ്‌കത്ത്: സന്ദർശന വിസയിൽ ഒമാനിലെത്തിയ പ്രവാസികൾക്ക് തൊഴിൽ വിസയിലേക്ക് മാറുന്നത് കൂടുൽ എളുപ്പമാക്കി റോയൽ ഒമാൻ പൊലീസ്. രാജ്യം വിടാതെ തന്നെ വിസ മാറുന്നതിനാണ് ഇപ്പോൾ സൗകര്യമൊരുക്കിയിരിക്കുന്നത്. നിയമത്തിൽ റോയൽ ഒമാൻ പൊലീസ് താത്ക്കാലിക ഇളവ് ഏർപ്പെടുത്തി. മേഖലയിൽ സംഘർഷം മൂർച്ഛിക്കുകയും വിമാന സർവിസുകളും മറ്റു യാത്രാ സൗകര്യങ്ങളും പലതും റദ്ദാക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വിസ നിയമത്തിൽ താത്ക്കാലിക ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം.
എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ആർഒപി പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, സന്ദർശന വിസയിൽ ഒമാനിലെത്തിയ നിരവധി പേരാണ് രാജ്യം വിടാതെ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ തൊഴിൽ വിസയിലേക്ക് മാറിയത്. ഇവർക്ക് രാജ്യം വിടാതെ വിസാ മാറ്റത്തിന് നിലവിൽ അനുമതി നൽകുകയും ചെയ്യുന്നുണ്ട്. 50 റിയാലാണ് ഇതിന് അധികമായി ചെലവ് വരുന്നത്. നേരത്തെ സന്ദർശന വിസയിൽ കഴിയുന്ന പ്രവാസികൾ തൊഴിൽ വിസയിലേക്ക് മാറുന്നതിന് ഒമാനിൽനിന്ന് എക്സിറ്റ് അടിച്ച് തിരിച്ചുവരണമായിരുന്നു. രണ്ട് വർഷം മുമ്പാണ് ഈ പരിഷ്‌കരണം പ്രാബല്യത്തിൽ വന്നത്. നിലവിലെ ഇളവ് താത്കാലികമാണെങ്കിലും മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും.
Adjust Story Font
16

