ഉയരുന്ന താപനില;ഒമാനിൽ ഉച്ചവിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ
നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

മസ്കത്ത്: തൊഴിലാളികൾക്ക് ആശ്വാസമായി ഒമാനിൽ ഉച്ച വിശ്രമം നാളെ മുതൽ പ്രാബല്യത്തിൽ വരും. പുറംജോലിയിലുള്ള തൊഴിലാളികൾക്ക് ഉച്ചക്ക് 12.30 മുതൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകണം. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരമുള്ള നിയമം ,ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലെ ഉയർന്ന ചൂടിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുവാൻ വേണ്ടിയുള്ളതാണ്. ഉച്ച വിശ്രമ നിയമം നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കാമ്പയിനുകൾ നടപ്പാക്കിയിരുന്നു. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്ന അവധി നൽകുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും ഒരു മാസത്തെ തടവുമാണ് ശിക്ഷ. ലംഘനങ്ങൾ കണ്ടെത്തിയാൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118 ലെ വ്യവസ്ഥകൾ അനുസരിച്ച് മന്ത്രാലയം നിയമ നടപടികൾ സ്വീകരിക്കും.നിയമം പാലിക്കുന്നുണ്ടോ എന്ന് ടാസ്ക് ഫോഴ്സ് നിരീക്ഷിക്കും. നിയമലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റുകൾ വഴിയോ വിവരങ്ങൾ അറിയിക്കാവുന്നതാണ്.
Adjust Story Font
16

