Quantcast

വിദ്യാർത്ഥികളുടെ സുരക്ഷ; കർശന മുന്നറിയിപ്പുകളുമായി ആർഒപി

സ്കൂൾ ബസ് ഡ്രൈവർമാർ, രക്ഷിതാക്കൾ എന്നിവർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് പുറപ്പെടുവിച്ചത്

MediaOne Logo

Web Desk

  • Published:

    8 Sept 2026 12:19 AM IST

വിദ്യാർത്ഥികളുടെ സുരക്ഷ; കർശന മുന്നറിയിപ്പുകളുമായി ആർഒപി
X

മസ്കത്ത്: ഒമാനിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായതോടെ റോഡുകളിലും സ്കൂൾ മേഖലകളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന മുന്നറിയിപ്പുകളുമായി റോയൽ ഒമാൻ പൊലീസ്. സ്കൂൾ ബസ് ഡ്രൈവർമാർ, സൂപ്പർവൈസർമാർ, രക്ഷിതാക്കൾ എന്നിവർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് ആർഒപി പുറപ്പെടുവിച്ചത്.

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സ്കൂളുകളിലേക്ക് വിദ്യാർത്ഥികൾ തിരികെയെത്തിയതോടെ റോഡുകളിൽ ഗതാഗത തിരക്ക് വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗം പ്രത്യേക സുരക്ഷാ ബോധവൽക്കരണ കാമ്പയിന് തുടക്കം കുറിച്ചത്. കുട്ടികളുടെ സുരക്ഷ മുൻനിർത്തി ജീവനക്കാർക്കും സ്കൂൾ ബസ് ഡ്രൈവർമാർക്കുമാണ് ആർ.ഒ.പി നിർദേശങ്ങൾ നൽകുന്നത്. സ്കൂൾ മേഖലകളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കണം. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. സ്കൂൾ ഗേറ്റുകൾക്ക് മുന്നിൽ തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യരുത്.

രാവിലെ 7 മുതൽ 8 വരെയും ഉച്ചയ്ക്ക് 12 മുതൽ 2 വരെയുമുള്ള സമയങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം. തിരക്കേറിയ സമയങ്ങളിൽ സ്കൂളുകൾക്ക് സമീപം ഗതാഗത തടസ്സം ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് പട്രോളിംഗും സുരക്ഷാ പരിശോധനയും ശക്തമാക്കും. സർവീസ് പൂർത്തിയാക്കിയ ശേഷം കുട്ടികളാരും ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഡ്രൈവർമാർ ഉറപ്പാക്കണമെന്ന് ആർ.ഒ.പി പ്രത്യേകം നിർദേശിക്കുന്നുണ്ട്.

TAGS :

Next Story