ഒമാനിൽ സ്‌കൂൾ ബസ് അപകടം: മൂന്ന് കുട്ടികളടക്കം നാല് പേര്‍ മരിച്ചു
മരിച്ചവരിൽ ഡ്രൈവറും 6, 9, 10 വയസ്സുള്ള മൂന്ന് ആൺകുട്ടികളും ഉൾപ്പെടുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു

മസ്‌കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ ഇസ്‌ക്കി വിലായത്തിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. ഇന്ന് രാവിലെ 7:45 ഓടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. മരിച്ചവരിൽ ഡ്രൈവറും 6, 9, 10 വയസ്സുള്ള മൂന്ന് ആൺകുട്ടികളും ഉൾപ്പെടുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ആകെ 18 കുട്ടികളാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്. വാഹനം വലതുവശത്തേക്ക് തിരിയുകയും ഒരു വിളക്കുകാലിൽ ഇടിക്കുകയും തുടർന്ന് മറിഞ്ഞ് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ നിസ്വ, ഇസ്‌കി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
റോഡ് ടാർ ചെയ്തതും, സുഗമവും, ഗതാഗതയോഗ്യവുമാണെന്നിരിക്കെ അപകടം സംഭവിച്ചതിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് റോയൽ ഒമാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടവിവരം അറിഞ്ഞയുടൻ ആരോഗ്യ മന്ത്രാലയം ഉടനടി പ്രതികരിക്കുകയും നിസ്വ, ഇസ്‌കി ആശുപത്രികളിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഊർജിതമാക്കുകയും ചെയ്തു. സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ആരോഗ്യ മന്ത്രാലയം ഏകോപിപ്പിച്ച് പ്രവർത്തിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആരോഗ്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
Adjust Story Font
16

