ഒമാൻ 360 ഡിഗ്രിയിൽ കാണാം...; ഗൂഗിൾ സ്ട്രീറ്റ് വ്യൂവിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു
രണ്ടാം ഘട്ടത്തിൽ 27,000 കിലോമീറ്റർ

മസ്‌കത്ത്: ഗൂഗിളുമായി സഹകരിച്ച് ഒമാൻ വെർച്വൽ സ്ട്രീറ്റ്-ലെവൽ മാപ്പിങ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 360 ഡിഗ്രി പനോരമിക് കവറേജ് വികസിപ്പിക്കുന്ന പദ്ധതിയിൽ 27,000 കിലോമീറ്റർ ഇമേജറി കൂടിയാണ് ചേർത്തത്. ഡിജിറ്റൽ സാന്നിധ്യം ശക്തിപ്പെടുത്താനും ടൂറിസവും ബിസിനസും ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് നീക്കം. നാഷണൽ സർവേ ആൻഡ് ജിയോസ്‌പേഷ്യൽ ഇൻഫർമേഷൻ അതോറിറ്റിയുമായി സഹകരിച്ചാണ് പുതിയ ഘട്ടം.
ഗൂഗിൾ മാപ്പിലെ സ്ട്രീറ്റ് വ്യൂവിലൂടെ ഉപയോക്താക്കൾക്ക് പ്രകൃതിദൃശ്യങ്ങൾ, ചരിത്ര ലാൻഡ്മാർക്കുകൾ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കാണാനാകുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
വടക്കുള്ള മുസന്ദം മുതൽ തെക്ക് ദോഫാർ വരെയുള്ള എല്ലാ ഗവർണറേറ്റുകളിലേക്കുമുള്ള കവറേജാണ് പദ്ധതിയിലൂടെ വ്യാപിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത റൂട്ടുകളും സൈറ്റുകളും ഈ ഘട്ടത്തിലുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.
ഗൂഗിളിന്റെ പ്രത്യേക 'ട്രെക്കർ' ഉപകരണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാം ഘട്ടം 2025 ൽ 27,000 കിലോമീറ്റർ കവറേജാണ് ലക്ഷ്യമിട്ടത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഖോർ റോറി ഉൾപ്പെടെ തിരഞ്ഞെടുത്ത സ്ഥലങ്ങളുണ്ടായിരുന്നു, ഏകദേശം 36,000 കിലോമീറ്റർ ഈ ഘട്ടത്തിൽ മാപ്പ് ചെയ്തു. ഒന്നും രണ്ടും ഘട്ടങ്ങളിൽ നിന്നുള്ള സംയോജിത കവറേജ് ഏകദേശം 63,000 കിലോമീറ്ററായെന്ന് മന്ത്രാലയം അറിയിച്ചു.
2026-ൽ മൂന്നാം ഘട്ടം ആസൂത്രണം ചെയ്തിട്ടുണ്ട്. ഒമാന്റെ മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതികളെയും അടിസ്ഥാന സൗകര്യങ്ങളെയും മനസ്സിലാക്കാൻ നിലവിലെ ഇമേജറി രേഖപ്പെടുത്താൻ മുമ്പ് ഉൾപ്പെടുത്തിയ റൂട്ടുകൾ അപ്ഡേറ്റ് ചെയ്യുകയും അവലോകനം ചെയ്യുകയും ചെയ്യുമെമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Adjust Story Font
16

