ഒമാനിൽ തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി; ഫീൽഡ് പരിശോധന നടത്താനൊരുങ്ങി തൊഴിൽ മന്ത്രാലയം
നിയമലംഘനം കണ്ടെത്തുന്നവർക്കെതിരെ പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കും

മസ്കത്ത്: ഒമാനിൽ തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കുന്നു. മൂന്ന് ഘട്ടങ്ങളായുള്ള ഫീൽഡ് പരിശോധന നടത്താനൊരുങ്ങുകയാണ് തൊഴിൽ മന്ത്രാലയം. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും വിപണികളിൽ നേരിട്ടെത്തിയുമാണ് പരിശോധനകളും തുടര്‍നടപടികളും പൂർത്തിയാക്കുന്നത്. നിയമലംഘനം കണ്ടെത്തുന്നവർക്കെതിരെ പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കും.
ഒമാനിലെ തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് തൊഴിൽ മന്ത്രാലയം മൂന്ന് ഘട്ടങ്ങളായുള്ള പരിശോധനാ രീതിക്ക് രൂപം നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിച്ച് തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന പരിശോധനാണ്. ഇതിനായി മന്ത്രാലയ സംഘങ്ഹൾ സ്ഥാപനങ്ങളുടെ പ്രവർത്തനവും നിമയമാനുസൃതമായ തൊഴിൽ നടപടികളും നിരീക്ഷിക്കും. രണ്ടാം ഘട്ടത്തിൽ സ്ഥാപനങ്ങളിലും വിപണികളിലും നേരിട്ടെത്തി പരിശോധനാ ക്യാമ്പെയ്‌നുകളാണ് നടക്കുക. നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളെയും കണ്ടുപിടിക്കാൻ ഈ ഫീൽഡ് വിസിറ്റുകളിലൂടെ സാധിക്കും. മൂന്നാം ഘട്ടത്തിൽ കണ്ടെത്തിയ നിയമലംഘനങ്ങളിൽ തുടർനടപടികൾ സ്വീകരിക്കും. കേസുകളിൽ നിലവിലുള്ള നടപടിക്രമങ്ങൾ പ്രകാരം തൊഴിലാളികളെ നാടുകടത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. തൊഴിൽ നിയമ ലംഘനങ്ങൾക്ക് പിഴ ഉൾപ്പെടെയുള്ള ശിക്ഷകളും ഭരണപരമായ നടപടികളും നിമയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിദേശ തൊഴിലാളികളെ ഉൾപ്പെടുത്തി നടക്കുന്ന അനധികൃത തൊഴിൽ രീതികൾ തടയുന്നതിനായി സംയുക്ത പരിശോധന സംഘങ്ങളെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി
Adjust Story Font
16

