ഒമാനിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത; മിക്ക ഗവർണറേറ്റുകളെയും ബാധിക്കും
മെയ് 27 മുതൽ 29 വരെയായിരിക്കും കാറ്റിന്റെ സ്വാധീനം കൂടുതലായി അനുഭവപ്പെടുക

മസ്‌കത്ത്: ഒമാനിലെ ഭൂരിഭാഗം ഗവർണറേറ്റുകളിലും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മെയ് 27 മുതൽ 29 വരെയായിരിക്കും കാറ്റിന്റെ സ്വാധീനം കൂടുതലായി അനുഭവപ്പെടുക. ഇത് ദൂരക്കാഴ്ച കുറയാനും ഉയർന്ന കടൽ തിരമാലകൾക്കും കാരണമാകുമെന്നും അധികൃതർ അറിയിച്ചു.
മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഒമാൻ തീരങ്ങളിൽ രണ്ട് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
അതിനിടെ, കടുത്ത ചൂടിന് ആശ്വാസം പകർന്ന് സുൽത്താനേറ്റിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചിരുന്നു. റുസ്താഖ്, സമാഈൽ, സുഹാർ, ജബൽ ശംസ്, ഇബ്രി, ഖാബൂറ എന്നിവിടങ്ങളിലും ചില ഉൾപ്രദേശങ്ങളിലുമാണ് മഴ അനുഭവപ്പെട്ടത്. പലയിടങ്ങളിലും കാറ്റിന്റെ അകമ്പടിയോടെയായിരുന്നു മഴയെത്തിയത്. വാദികൾ നിറഞ്ഞൊഴുകിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സറാത്ത് ഇബ്രി പർവതത്തിൽ ആലിപ്പഴത്തോടുകൂടിയ മഴയാണ് ലഭിച്ചത്. വാദി ബനി ഗാഫിറിൽ മലവെള്ളം ഇരമ്പിയെത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വൈകുന്നേരത്തോടെയാണ് പലയിടത്തും മഴ കനത്തത്. എന്നാൽ, തലസ്ഥാന നഗരിയിലടക്കം മറ്റ് പ്രദേശങ്ങളിൽ കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്.
Adjust Story Font
16

