ഒമാനിൽ വൈദ്യുതി ബിൽ കുടിശ്ശികയോ?; തവണകളായി തിരിച്ചടക്കാൻ വഴിയുണ്ട്, നാമ സപ്ലൈയുടെ പദ്ധതിയറിയാം...
ജോലി നഷ്ടപ്പെട്ടവർക്കും സാമ്പത്തിക പ്രതിസന്ധിയുള്ളവർക്കും അപേക്ഷിക്കാം

മസ്കത്ത്: അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധി മൂലമോ തൊഴിൽ നഷ്ടപ്പെട്ടതുകൊണ്ടോ വൈദ്യുതി ബിൽ അടക്കാൻ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്കായി ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് ഒമാനിലെ നാമ സപ്ലൈ. അർഹരായ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കായി സൗകര്യപ്രദമായ തുക തവണകളായി അടക്കാനുള്ള തിരിച്ചടവ് പദ്ധതികൾ, ബിൽ അടയ്ക്കാനുള്ള സാവകാശം, ഘട്ടംഘട്ടമായുള്ള പേയ്മെന്റ് ഷെഡ്യൂളിങ് എന്നിവ നൽകുന്ന 'അബ്ഷിർ' സേവനമാണ് കമ്പനി മുന്നോട്ടുവെക്കുന്നത്.
ജോലി നഷ്ടപ്പെടുക, താത്കാലിക സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുക, അല്ലെങ്കിൽ അപ്രതീക്ഷിത അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുക തുടങ്ങിയ കാരണങ്ങളാൽ വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാകുക. അപേക്ഷ നൽകുന്ന ഓരോ ഉപഭോക്താവിന്റെയും നിലവിലെ സാമ്പത്തിക അവസ്ഥയും കമ്പനിയുടെ മാനദണ്ഡങ്ങളും പരിശോധിച്ച ശേഷമായിരിക്കും അനുയോജ്യമായ തിരിച്ചടവ് മാർഗങ്ങൾ തീരുമാനിക്കുകയെന്ന് നാമ സപ്ലൈ അറിയിച്ചു.
തവണകളായുള്ള തിരിച്ചടവ്, പേയ്മെന്റ് ഷെഡ്യൂൾ ചെയ്യൽ, അടിയന്തര സഹായങ്ങൾ ലഭിക്കുന്ന 'യുസ്ർ', 'തസ്ഹീൽ' തുടങ്ങിയ പദ്ധതികളിലേക്ക് വഴികാട്ടൽ, പ്രീപെയ്ഡ് ഓപ്ഷനുകൾ നൽകൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അർഹരായ ഉപഭോക്താക്കൾക്ക് https://bit.ly/NamaServicesApp എന്ന ലിങ്ക് വഴി 'നാമ സർവീസസ്' ആപ്പിലൂടെയോ, കമ്പനിയുടെ ടോൾ ഫ്രീ നമ്പറായ 1011-ൽ ബന്ധപ്പെട്ടോ സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്.
Adjust Story Font
16

