ഒമാൻ സുൽത്താന്റെ ഒപ്പ് വീണു; ഹഫീത്ത് റെയിലിന്റെ പണി റോക്കറ്റ് വേഗത്തിൽ
നിലവിൽ പർവതപ്രദേശങ്ങളിലടക്കം നിർമാണ ജോലി പുരോഗമിക്കുകയാണ്

മസ്‌കത്ത്: ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന 'ഹഫീത് റെയിൽ' പദ്ധതിയുടെ ഉഭയകക്ഷി കരാറിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന പദ്ധതിക്ക് 2.5 ബില്യൺ ഡോളറാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഒമാനിലെ സൊഹാറിൽ ആരംഭിച്ച് ബുറൈമി, അൽ ഐൻ വഴി യു.എ.ഇയുടെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 238 കിലോമീറ്റർ പാതയുടെ നിർമാണം പർവതപ്രദേശങ്ങളിലടക്കം അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതിയുടെ 40 ശതമാനത്തോളം പണികൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഗൾഫ് രാജ്യങ്ങൾക്കിടയിലെ ആദ്യത്തെ അതിർത്തി കടന്നുള്ള റെയിൽ ശൃംഖലയെന്ന സവിശേഷതയും ഈ മെഗാ പ്രൊജക്റ്റിനുണ്ട്.
പ്രധാനമായും ചരക്കുനീക്കത്തിന് മുൻഗണന നൽകുന്ന റെയിൽപാതയിലൂടെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയുള്ള ചരക്ക് ട്രെയിനുകൾ സർവീസ് നടത്തും. ഒരൊറ്റ യാത്രയിൽ 15,000 ടണ്ണിലധികം ചരക്ക് വഹിക്കാൻ ശേഷിയുള്ള ഈ ട്രെയിനുകൾ സൊഹാർ തുറമുഖത്തെയും പ്രധാന വ്യാവസായിക കേന്ദ്രങ്ങളെയും ഗൾഫ് വിപണികളുമായി നേരിട്ട് ബന്ധിപ്പിക്കുകയും ഒമാൻ വിഷൻ 2040ന്റെ എണ്ണയിതര വരുമാന വളർച്ചയ്ക്ക് കരുത്തുപകരുകയും ചെയ്യും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ 400 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പാസഞ്ചർ ട്രെയിനുകൾ എത്തുന്നതോടെ സൊഹാറിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാസമയം വെറും 100 മിനിറ്റായി ചുരുങ്ങും. ഗൾഫ് മേഖലയിലെ യാത്രാ-ഗതാഗത രംഗത്ത് വൻ വിപ്ലവത്തിനാണ് ഹഫീത് റെയിൽ വഴിതുറക്കുന്നത്.
Adjust Story Font
16

