Quantcast

കുതിച്ചുപായാൻ ആദ്യ ചുവട്; ഒമാൻ-യുഎഇ ഹഫീത് റെയിലിനായി ട്രാക്കുകൾ എത്തി

ട്രാക്കുകൾ നിർമിച്ചത് സ്‌പെയിനിൽ

MediaOne Logo

Web Desk

  • Published:

    27 Aug 2025 5:28 PM IST

കുതിച്ചുപായാൻ ആദ്യ ചുവട്; ഒമാൻ-യുഎഇ ഹഫീത് റെയിലിനായി ട്രാക്കുകൾ എത്തി
X

മസ്‌കത്ത്: ഒമാൻ-യുഎഇ റെയിൽവേ ശൃംഖലയായ ഹഫീത് റെയിലിനായുള്ള ട്രാക്കുകളുടെ ആദ്യ ഷിപ്പ്‌മെന്റ് എത്തി. സുഹാർ തുറമുഖത്തും ഫ്രീസോണിലുമാണ് റെയിൽവേ ട്രാക്കുകളുടെ ആദ്യ ഷിപ്പ്‌മെന്റ് എത്തിയത്. പദ്ധതിയുടെ നിർമാണത്തിലെ സുപ്രധാന ചുവടുവയ്പ്പാണിത്.

238 കിലോമീറ്റർ വരുന്ന ഹഫീത് റെയിലിന്, സി സ്റ്റെയിൻവെഗ് ഒമാൻ നടത്തുന്ന ജനറൽ കാർഗോ ടെർമിനൽ വഴി 3,800-ലധികം E260 ട്രാക്കുകളാണ് ലഭിച്ചത്. ഓരോ ട്രാക്കും 25 മീറ്ററാണുള്ളത്. മൊത്തം 5,700 ടൺ ഭാരം. 33,100 ടൺ വരുന്ന ട്രാക്ക് ഇറക്കുമതിയുടെ ഭാഗമാണ് ഇപ്പോഴത്തെ ഡെലിവറി.

സ്‌പെയിനിലെ ഹിഹോണിലുള്ള ആർസെലർ മിത്തലിന്റെ കേന്ദ്രത്തിലാണ് ട്രാക്കുകൾ നിർമിച്ചത്. 32.4 ടൺ വരെ ചരക്ക്, യാത്രാ ലോഡുകൾ വഹിക്കാൻ പാകത്തിലാണ് ഒരു ആക്‌സിൽ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഈട് കിട്ടാൻ ഫാസ്റ്റണിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് ശക്തിപ്പെടുത്തിയിട്ടുണ്ട്. ട്രാക്കുകൾ എത്തിയതോടെ പാതയൊരുക്കൽ ജോലികൾക്ക് വഴിയൊരുങ്ങും. വരും മാസങ്ങളിൽ കൂടുതൽ ഷിപ്പ്‌മെൻറുകളുമെത്തും.

സുഹാർ തുറമുഖത്തെയും ഫ്രീസോണിനെയും യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുക, വിതരണ ശൃംഖലാ സംയോജനവും ഗതാഗത കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്നിവയാണ് ഹഫീത് പദ്ധതിയുടെ ലക്ഷ്യം.

ഇത്തിഹാദ് റെയിൽ, മുബാദല, ഒമാന്റെ അസ്‌യാദ് ഗ്രൂപ്പ് എന്നിവയാണ് ഹഫീത് റെയിലിന് പിറകിലുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം, ലോജിസ്റ്റിക്‌സ് സംയോജനം, സുസ്ഥിര ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഈ പദ്ധതി പ്രധാന നാഴികക്കല്ലാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

TAGS :

Next Story