ഇനി യാത്ര എളുപ്പം, ദുകം മേഖലയിൽ നവീകരിച്ച രണ്ട് റോഡുകൾ നാളെ തുറക്കും
സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡും റാസ് മർക്കസ് റോഡുമാണ് നവീകരിച്ചത്

മസ്കത്ത്: ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലുള്ള ദുകം സാമ്പത്തിക മേഖലയിൽ നവീകരിച്ച രണ്ട് പ്രധാന റോഡ് പദ്ധതികൾ നാളെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡും റാസ് മർക്കസ് റോഡുമാണ് നവീകരിച്ചത്. സാമ്പത്തികകാര്യ മന്ത്രി ഡോ. സഈദ് മുഹമ്മദ് അൽ സഖ്രി പദ്ധതി ഉദ്ഘാടനം ചെയ്യും. ദുകം നഗരമധ്യത്തിലെ ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ് നവീകരിച്ചത്.
ഇതിലൂടെ ദുകം സിറ്റി സെന്റർ, വാണിജ്യ-വ്യവസായ മേഖലകൾ, ടൂറിസം കേന്ദ്രങ്ങൾ, ലോജിസ്റ്റിക് ഏരിയകൾ, ദുകം വിമാനത്താവളം എന്നിവ തമ്മിലുള്ള യാത്രാസൗകര്യം എളുപ്പമാക്കാൻ സാധിക്കും. ഓയിൽ സ്റ്റോറേജ് ഏരിയയെയും പുതിയ നിക്ഷേപമേഖലകളെയും തമ്മിൽ ബന്ധിപ്പിക്കാനാണ് റാസ് മർക്കസ് റോഡ് നവീകരണം വഴി അധികൃതർ ഉന്നംവെക്കുന്നത്. ദുകം സാമ്പത്തികമേഖലയിലെ ഗതാഗത ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാകും ഈ പാതകളുടെ നവീകരണം.
Adjust Story Font
16

