അമേരിക്ക-ഇറാൻ ചർച്ച വെള്ളിയാഴ്ച റോമിൽ
ചർച്ച നടക്കുമെന്ന് മധ്യസ്ഥത വഹിക്കുന്ന ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി

മസ്‌കത്ത്: അമേരിക്ക-ഇറാൻ ആണവ വിഷയവുമായി ബന്ധപ്പെട്ട നിർണായക ചർച്ച വെള്ളിയാഴ്ച റോമിൽ നടക്കും. മധ്യസ്ഥത വഹിക്കുന്ന ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ചർച്ച സ്ഥിരീകരിച്ചിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണത്തെച്ചൊല്ലിയുള്ള ഇരു പക്ഷത്തിന്റെയും അഭിപ്രായവ്യത്യാസം തുടരുന്നതിനിടയിലാണ് അഞ്ചാംഘട്ട ചർച്ച എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ നാല് ചർച്ചകളിൽനിന്നും വ്യത്യസ്തമായ അന്തരീക്ഷത്തിലാണ് അഞ്ചാം ഘട്ട ചർച്ച നടക്കുന്നത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ച് വാഷിങ്ടണും തെഹ്റാനും ദിവസങ്ങൾക്ക് മുമ്പ് പരസ്പരവിരുദ്ധ നിലപാടുകൾ ആണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇറാൻ തങ്ങളുടെ ആണവ പരിപാടി കുറക്കുക മാത്രമല്ല, യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്നുമാണ് യു.എസ് മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ, സിവിലയൻ ആവശ്യങ്ങൾക്കായി സമ്പുഷ്ടീകരണവുമായി മുന്നോട്ടുപോകുമെന്ന് ഇറാനും വ്യക്തമാകിയിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണം ഒരു 'ചുവപ്പ് രേഖ'യാണെന്നാണ് യു.എസിന്റെ ചർച്ചകൾക്ക് നേതൃത്വം വഹിച്ച സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞത്. വാഷിങ്ടണിന് 'സമ്പുഷ്ടീകരണ ശേഷിയുടെ ഒരു ശതമാനം പോലും അനുവദിക്കാൻ കഴിയില്ല' എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും അതിന് യു.എസിന്റെ അനുമതി ആവശ്യമില്ലെന്നുമാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ വ്യക്തമാക്കിയിരിക്കുന്നത്. യു.എസുമായുള്ള ചർച്ചകൾ ഫലപ്രാപ്തിയിലെത്തുമോയെന്നതിൽ തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏപ്രിലിൽ ഒമാന്റെ മധ്യസ്ഥതയിൽ യു.എസും ഇറാനും ചർച്ചകൾ ആരംഭിച്ചതോടെ പിരിമുറുക്കങ്ങൾക്ക് അയവ് വന്നിരുന്നു. എന്നാൽ തെഹ്റാന്റെ സമ്പുഷ്ടീകരണത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം ഇരുപക്ഷവും എങ്ങനെ പരിഹരിക്കുമെന്നതാണ് അറിയേണ്ടത്.
Adjust Story Font
16